തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ മൂന്നാമത്തെ ബജറ്റിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷം. തോമസ് ഐസക് അവതരിപ്പിച്ച ബജറ്റ് ഭാവനയിൽ കെട്ടിയുയർത്തിയ ഒരു കടലാസ് സൗധമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ജിഎസ്ടി നിലവിൽ വന്നതോടെ നികുതികൾക്ക് മേലുള്ള സർക്കാരിന്‍റെ അധികാരം നഷ്ടപ്പെട്ടിട്ടും തോമസ് ഐസക്ക് 950 കോടി രൂപയുടെ നികുതി ബാധ്യതകൾ തന്ത്രപരമായും നിർദാക്ഷിണ്യമായും ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുകയാണെന്നും ചെന്നിത്തല തുറന്നടിച്ചു.
സാധാരണക്കാരും പാവപ്പെട്ടവരുമായ ബഹുഭൂരിപക്ഷം ജനങ്ങളെ ദോഷകരമായി ബാധിക്കുന്ന നികുതി ബാധ്യതകളാണിതെന്നു പറഞ്ഞ ചെന്നിത്തല ക്ഷേമപെൻഷനുകളിൽ നിന്നും ആളുകളെ ഒഴിവാക്കാനായി വളഞ്ഞവഴിയിലൂടെ പുതിയ നിബന്ധനകൾ കൊണ്ട് വരികയാണെന്നും കുറ്റപ്പെടുത്തി. ഓരോ വർഷവും പെൻഷനിൽ 100 രൂപ വർധിപ്പിക്കുമെന്ന വാഗ്ദാനം നടപ്പാക്കിയില്ലെന്നും അദ്ദേഹം പറഞ്ഞു.
കെഎസ് ആർടിസി പെൻഷൻ ബാധ്യത സംസ്ഥാനത്തെ സഹകരണ ബാങ്കുകളുടെ തലയിൽ കെട്ടിവച്ചു രക്ഷപ്പെടാനാണ് സർക്കാർ ശ്രമമെന്ന് കുറ്റപ്പെടുത്തിയ പ്രതിപക്ഷനേതാവ് കിഫ്‌ബി വലിയൊരു തട്ടിപ്പാണെന്ന് ഊന്നിപ്പറയുകയാണ് ഈ ബജറ്റെന്നും തുറന്നടിച്ചു. കഴിഞ്ഞ തവണ കിഫ്‌ബി വഴി നടപ്പാക്കും എന്ന് ഉറപ്പ് നൽകിയ അതേ പദ്ധതികൾ തന്നെയാണ് ഈ വർഷവും ഉൾക്കൊള്ളിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.