തൃശൂർ: കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നടിക്കുവേണ്ടി നിയമയുദ്ധത്തിനെത്തുന്നത് ഇന്ത്യയിലെ പ്രമുഖ അഭിഭാഷക. ഒരു പിഴവും പറ്റാത്ത വിധത്തിൽ കേസ് മുന്നോട്ടുകൊണ്ടുപോകാൻ ഏറ്റവും മികച്ച അഭിഭാഷകരെ തന്നെ ആശ്രയിക്കാനാണ് നടിയും കുടുംബവും തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് രാജ്യത്തെ പ്രമുഖയായ അഭിഭാഷകയെ കേസ് നടത്തിപ്പ് ഏൽപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ നടക്കുന്ന അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യുന്നതിൽ സമർത്ഥയാണ് ഇവർ. ഏറ്റവും മികച്ച ട്രാക്ക് റെക്കോർഡുള്ള അഭിഭാഷകരെ തന്നെ കൊണ്ടുവന്നാലേ രക്ഷയുള്ളു എന്ന് ബോധ്യപ്പെട്ടതിനാലാണ് ഇത്തരത്തിൽ ഏറ്റവും നല്ല അഭിഭാഷകയെ തന്നെ തെരഞ്ഞെടുത്തിരിക്കുന്നത്.
പ്രതിഭാഗത്തിന് വേണ്ടി അഡ്വ.ബി.എ.ആളൂർ ഹാജരായി വക്കാലത്ത് ഏറ്റെടുത്തതോടെ നടിയും കുടുംബവും നിയമപരമായ അടുത്ത നടപടികളെക്കുറിച്ച് ആലോചിക്കുകയാണ്. ഹൈക്കോടതിയിലേയും സുപ്രീംകോടതിയിലേയും മികച്ച അഭിഭാഷകരുമായി നടിയുടെ സുഹൃത്തുക്കുളും വളരെ വേണ്ടപ്പെട്ടവരും ചർച്ചകൾ നടത്തുകയും തുടർന്ന് വക്കാലത്ത് ഏൽപ്പിക്കാൻ പറ്റിയ അഭിഭാഷകരുടെ ലിസ്റ്റ് തയ്യാറാക്കുകയുമായിരുന്നു.
സൗമ്യ കേസിൽ പ്രതി ഗോവിന്ദച്ചാമിയെ തൂക്കുകയറിൽ നിന്നും രക്ഷപ്പെടുത്തിയ അഡ്വ.ബി.എ.ആളൂർ പ്രതിഭാഗത്ത് എത്തിയതോടെ ആളൂരിനോടു മുട്ടാൻ കെൽപ്പുള്ള ഒരാളെ കളത്തിലിറക്കാനാണ് നടിയുടെയും വേണ്ടപ്പെട്ടവരുടേയും തീരുമാനം. സുരേഷ്ഗോപി എംപിയും നടിയുടെ ഉറ്റ സുഹൃത്തുക്കളായ മറ്റു നടിമാരുമെല്ലാം ഇക്കാര്യത്തിൽ നടിക്ക് എല്ലാ പിന്തുണയും സഹായവും നൽകുന്നുണ്ട്.
കേസിൽ പോലീസ് ആദ്യം സമർപിച്ച കുറ്റപത്രത്തിലെ പിഴവുകൾ, ഗൂഢാലോചന സംബന്ധിച്ച അവ്യക്തത എന്നിവയെല്ലാം കോടതിയിൽ തലനാരിഴ കീറി പരിശോധിക്കപ്പെടുന്ന തെളിവുകളും കാര്യങ്ങളുമാണ്. ഇപ്പോൾ പോലീസ് നടത്തുന്ന അന്വേഷണങ്ങളുടെ അവസാനരൂപം കൂടി കണ്ടതിന് ശേഷമേ നിയമയുദ്ധത്തിലേക്ക് നടിയും കൂട്ടരും കടക്കുകയുള്ളു. അതുവരെ കാര്യങ്ങൾ ജാഗ്രതയോടെ വീക്ഷിക്കാനാണ് നിയമോപദേശം.