ചാവക്കാട്: സമൂഹമാധ്യമത്തിൽ അജ്ഞാതൻ വധഭീഷണി മുഴക്കിയ സംഭവത്തിൽ നടി ഭാവന ചാവക്കാട് കോടതിയിൽ രഹസ്യമൊഴി നൽകി. ഭാവനയുടെ ഇൻസ്റ്റഗ്രാമിൽ അജ്ഞാതൻ അശ്ലീലം കലർന്ന ഭാഷയിലാണ് ഭീഷണി മുഴക്കിയത്. ഇതുസംബന്ധിച്ച് ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കു നടി പരാതി നൽകിയിരുന്നു.
ജൂലൈ ഒന്നിനു തൃശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ നല്കിയ പരാതിയെതുടർന്ന് സിഐ സി.ജി. ബിജുകുമാർ കേസെടുത്തു. തുടർന്ന് തൃശൂർ ചീഫ് ജുഡീഷൽ മജിസ്ട്രേറ്റിന്റെ നിർദേശപ്രകാരമാണ് ഭാവന രഹസ്യമൊഴി നല്കാനായി ചാവക്കാട് മജിസ്ട്രേറ്റ് കോടതിയിൽ എത്തിയത്. മജിസ്ട്രേറ്റ് കെ.സി. വീണയുടെ മുമ്പാകെ ഇന്നലെ വൈകുന്നേരമാണ് രഹസ്യമൊഴി നല്കിയത്.