വിജയ് സേതുപതിയും തൃഷയും നായികാനായകന്മാരായെത്തിയ 96 എന്ന സിനിമ ദക്ഷിണേന്ത്യയില്‍ വന്‍ തരംഗമായിരുന്നു. സിനിമ എത്തുന്നതിനു മുമ്പ് തന്നെ ചിത്രത്തിലെ ‘കാതലേ കാതലേ’ എന്ന ഗാനം ആസ്വദക ഹൃദയത്തില്‍ ഇടം നേടിയിരുന്നു. ചിന്മയിയുടെ ആലാപനവും ഗോവിന്ദ് വസന്തയുടെ സംഗീതവും വിജയ് സേതുപതിയുടെയും തൃഷയുടെയും മത്സരിച്ചുള്ള അഭിനയവും ചേര്‍ന്നപ്പോള്‍ ‘കാതലേ, കാതലേ’ എന്ന ഗാനം എത്തിയത് ആസ്വാദക ഹൃദയത്തിലേക്കാണ്. ഇപ്പോള്‍ ചിത്രത്തിന്റെ കന്നട പതിപ്പായ ’99’ ലെ ‘നവിലുഗരി’ എന്ന ഗാനവും ഏറെ ശ്രദ്ധ നേടുകയാണ്.
തമിഴില്‍ തൃഷ അവതരിപ്പിച്ച ജാനു എന്ന കഥാപാത്രം കന്നടയില്‍ ചെയ്യുന്നത് മലയാളത്തിന്റെ പ്രിയ നായിക ഭാവനയാണ്. വിജയ് സേതുപതിക്കു പകരം ഗണേഷ് എത്തുന്നു. കാതലേ കാതലേ പോലെ തന്നെ മനോഹരമായ മെലഡിയായാണ് നവിളുഗരിയും എത്തുന്നത്. ശ്രേയ ഘോഷാലിന്റെ അതി മനോഹരമായ ആലാപനം. കവിരാജിന്റേതാണു വരികള്‍. അര്ജുന് ജന്യയുടെ സംഗീതം.
മികച്ച പ്രതികരണമാണു ഗാനത്തിനു സമൂഹമാധ്യമങ്ങളില്‍ ലഭിക്കുന്നത്. ഗാനത്തിനു താഴെ വരുന്ന കമന്റുകളില്‍ ഭൂരിഭാഗവും മലയാളത്തിലാണ്. ഭാവനയെ കണ്ടതുകൊണ്ടുമാത്രമാണ് ഗാനം കാണാനെത്തിയതെന്നാണ് ഒട്ടുമിക്കവരുടെയും കമന്റ്. പ്രീതം ഗബ്ബിയാണ് ചിത്രത്തിന്റെ സംവിധാനം. ചിത്രം വന്ഹിറ്റാകുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍.