കൊച്ചി: താന് ഇരയല്ലെന്നും അതി ജീവിതയാണെന്നും ആക്രമണത്തിന് ഇരയായ നടി ഭാവന. പ്രമുഖ മാധ്യമപ്രവര്ത്തക ബര്ഖാ ദത്തിന്റെ മൊജോ സ്റ്റോറിയും, വീ ദ വിമെന് ഓഫ് ഏഷ്യയും ചേര്ന്നൊരുക്കിയ ദ ഗ്ലോബല് ടൗണ് ഹാള് സമ്മിറ്റിലാണ് ഭാവന മനസ് തുറന്നത്.
ആ സംഭവം ഇപ്പോഴും തന്റെ ഓര്മ്മയിലുണ്ട്. 2017-ലാണ് സംഭവം നടന്നത്. 2020-ല് വിചാരണ തുടങ്ങി. 15 ദിവസം കോടതിയില് പോയി. ഏറെ കഠിനമായ അനുഭവമായിരുന്നു അത്. 15-ാം ദിവസം കോടതിയില് നിന്ന് പുറത്തിറങ്ങിയത് അതീജിവിതയെന്ന മനോഭാവത്തോടെയായിരുന്നു. ഇരയെന്ന നിലയില്ല.
കഴിഞ്ഞ അഞ്ച് വര്ഷത്തെ യാത്ര ഏറെ കഠിനമായതായിരുന്നു. അടിസ്ഥാനരഹിതമായ ആരോപണങ്ങള് ഏറെ വേദനിപ്പിച്ചു. വളര്ത്തു ദോഷമാണെന്ന് പറഞ്ഞുപഴിച്ചവര് ഉണ്ട്. സാമൂഹ്യ മാധ്യമങ്ങളിലൂടെ തെറ്റായ പലവാര്ത്തകളും പ്രചരിപ്പിച്ചവരും ഉണ്ട്.
എന്നെ പലരും കുറ്റപ്പെടുത്തിയിട്ടുണ്ട്. എന്റെ കുറ്റമാണെന്ന രീതിയില്. പിന്നീട് കാര്യങ്ങളൊക്കെ മാറി തുടങ്ങി. ഈ അഞ്ച് വര്ഷത്തെ യാത്ര വളരെ ബുദ്ധിമുട്ടായിരുന്നു. ഏറെ ഒറ്റപ്പെട്ടതായി ആദ്യമൊക്കെ തോന്നിയിരുന്നു. ചാനലുകളിലെ ഡിബേറ്റുകളെ കുറിച്ച് അറിയാമല്ലോ. 2017-ല് നടന്ന സംഭവത്തിന് ശേഷം നിരവധിപേര് ഒപ്പം നിന്നു. ചിലര് പുറത്ത് ചാനലുകളില് പലതും പറഞ്ഞവരുമുണ്ട്.
എന്നെ അറിയാത്തവര് പോലും അക്കൂട്ടത്തിലുണ്ടായിരുന്നു. രാത്രി പോയതാണ് പ്രശ്നം എന്നൊക്കെ എന്നെ കുറ്റപ്പെടുത്തിയവര് ഉണ്ട്. നെഗറ്റീവ് പിആര് വര്ക്ക് സോഷ്യല്മീഡിയയില് നടന്നു. തൊഴിലവസരം പോലും നിഷേധിക്കപ്പെട്ടു. അതൊക്കെ ഏറെ വേദനിപ്പിച്ചു. ഞാന് ഇഞ്ചിഞ്ചായി മുറിയുന്നതുപോലെ തോന്നി.
എന്റെ കുടുംബത്തിനെതിരെ പോലും പലരും സംസാരിച്ചു. അങ്ങനെയാണ് ഞാന് എല്ലാം തുറന്നുപറയാനും പോരാട്ടം തുടരാനും തീരുമാനിച്ചത്, ഈ പോരാട്ടം അത്ര എളുപ്പമല്ലെന്ന് അറിയാം, എങ്കിലും ഫലം എന്തെന്ന് നോക്കാതെ പോരാട്ടം തുടരും.
വ്യാജ കേസെന്ന രീതിയില് ആക്കി തീര്ക്കാനും ശ്രമം നടന്നു. അതൊക്കെ ഏറെ വേദനാജനകമായിരുന്നു. ചാനല് ചര്ച്ചകളിലടക്കം പലരും വലിച്ചിഴച്ച് സംസാരിക്കുമ്പോള് വീണ്ടും വീണ്ടും ഞാന് മുറിയുന്നതായി തോന്നി. ഞാന് ആ സമയം സോഷ്യല്മീഡിയയില് സജീവമായിരുന്നില്ല.
2019-ലാണ് ഇന്സ്റ്റ തുടങ്ങിയത്. പലരും അതിന് ശേഷം എനിക്ക് മെസേജ് ചെയ്യുകയുണ്ടായി. എന്തിന് ജീവിക്കുന്നു, നാണമില്ലേ, മരിച്ചു കൂടെ തുടങ്ങിയ സന്ദേശങ്ങള് ലഭിച്ചു. ഇത് നാടകമല്ലേ എന്നൊക്കെ ചോദിച്ചു. അതിനൊക്കെ ശേഷമാണ് ജനങ്ങള് എല്ലാം അറിയണണമെന്ന് ഞാന് തീരുമാനിച്ചത്.
എനിക്ക് സംഭവിച്ചതെന്തെന്ന് തുറന്നു പറയണമെന്ന് അങ്ങനെ തോന്നി. അതിനായി എനിക്ക് ഒപ്പം നിന്ന നിരവധിപേരെ നന്ദിയോടെ ഈ സമയം ഓര്ക്കുന്നു. എന്റെ കുടുംബവും സുഹൃത്തുക്കളും ഡബ്ല്യുസിസിയും കൂടാതെ നിരവധിപേര് എനിക്ക് ഒപ്പം നിന്നതായിരുന്നു ശക്തി. അവരോടൊക്കെയുള്ള നന്ദി വാക്കുകളില് ഒതുക്കാനാകില്ലെന്നും നടി പറഞ്ഞു.