പാലോട്: സമ്പൂർണ ഭവന പദ്ധതിയായ ലൈഫ് പഞ്ചായത്തുകളിൽ താളം തെറ്റി. ആദ്യഗഡു വാങ്ങി വീടു പൊളിച്ചു അടിത്തറ പൂർത്തിയാക്കി മൂന്ന് മാസത്തോളമായിട്ടും രണ്ടാം ഗഡു കിട്ടാത്തതിനാൽ ഗുണഭോക്താക്കൾ ദുരിതത്തിലായി. ലിസ്റ്റിലുണ്ടായിട്ടും ഒന്നാം ഗഡു ലഭിക്കാത്തവരുണ്ട്. ചില പഞ്ചായത്തുകളിൽ ഓരോ വാർഡിലും കുറച്ചു പേർക്കു ആദ്യഗഡു കിട്ടി.
അവർ വീടിന്റെ അടിത്തറ പൂർത്തിയാക്കിയെങ്കിലും മറ്റുള്ളവർക്കു കൂടി ഒന്നാം ഗഡു കിട്ടിയാലെ ഇവർക്ക് രണ്ടാം ഗഡു കിട്ടുകയുള്ളു. കിടപ്പാടം പൊളിച്ചവർ വാടക വീടുകളിലും ബന്ധു വീടുകളിലും ഒക്കെയാണ് ഇപ്പോൾ താമസം.
40,000 രൂപയാണ് അടിത്തറ നിർമിക്കാൻ ആദ്യഗഡു നൽകിയത്.
രണ്ടാം ഗഡുവായി 1,60,000 രൂപ ലഭിക്കണം. ജില്ലാ,ബ്ലോക്ക് തലങ്ങളിൽ നിന്ന് ലഭിച്ച തുകയാണ് ആദ്യഗഡുവായി നൽകിയത്. രണ്ടാം ഗഡു കൊടുക്കണമെങ്കിൽ ഹഡ്കോയിൽ നിന്ന് ലോൺ അനുവദിക്കണം.പല പഞ്ചായത്തുകളും ഇതു വരെ ഹഡ്കോയുമായി എഗ്രിമെന്റ് വയ്ക്കാത്തതിനാൽ രണ്ടാം ഗഡു വൈകുമെന്ന കാര്യം ഉറപ്പായി.ആദിവാസി മേഖലയിൽ ഭവന പദ്ധതിക്ക് അനക്കമില്ല.
പെരിങ്ങമ്മല പഞ്ചായത്തിൽ ലൈഫുമായി ബന്ധപ്പെട്ടു ആദിവാസി ഭവന പദ്ധതിയുടെ ഒരു പ്രവർത്തനവും തുടങ്ങിയില്ലെന്നു പരാതിയുണ്ട്. മൂന്ന് വർഷത്തോളമായി ഡിപ്പാർട്ടുമെന്റ് വീടുകളൊന്നും അനുവദിക്കുന്നില്ലെന്നും ലൈഫുമായി ബന്ധപ്പെട്ടു പരിശോധനകളോ ലിസ്റ്റ് തയാറാക്കലോ ആരംഭിച്ചിട്ടില്ലെന്നും ആദിവാസികൾ ആരോപിച്ചു.