കോട്ടയം: വായ്പയെടുത്താണെങ്കിലും പണം കണ്ടെത്തി കോട്ടയം നഗരസഭ സാധാരണക്കാർക്ക് വീട് വച്ചുകൊടുക്കും. ഇതിനുള്ള തയാറെടുപ്പിലാണ് നഗരസഭ അധികൃതർ. പ്രധാനമന്ത്രി ആവാസ് യോജന (പിഎംഎവൈ) പദ്ധതി പ്രകാരം ഈ വർഷം 1482 വീടുകളാണ് കോട്ടയം നഗരസഭ നിർമിച്ചു നല്കുന്നത്. കോട്ടയം ജില്ലയിൽ ഏറ്റവുമധികം വീടുകൾ നിർമിച്ചു നല്കുന്നതും കോട്ടയം നഗരസഭ തന്നെ. പദ്ധതിപണം ഉപയോഗിച്ച് 300 വീടുകളുടെ നിർമാണം പൂർത്തിയായി.
ബാക്കി വീടുകളുടെ നിർമാണത്തിനുള്ള ഫണ്ട് ഇല്ലാത്തതിനാൽ ഏതെങ്കിലും ധനകാര്യ സ്ഥാപനത്തിൽനിന്ന് വായ്പയെടുക്കാനാണ് തീരുമാനം. 14 കോടി രൂപയെങ്കിലും വായ്പയെടുക്കേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. വായ്പയെടുക്കുന്നതിന് സർക്കാരിന്റെ അനുമതി ലഭിച്ചിട്ടുണ്ട്. ഏതു സ്ഥാപനത്തിൽ നിന്നാണ് വായ്പയെടുക്കേണ്ടതെന്ന് തീരുമാനിക്കുന്നതിന് വിഷയം അടുത്ത കൗണ്സിൽ യോഗം ചർച്ച ചെയ്തു തീരുമാനിക്കും.
ദീർഘകാല വായ്പ ലഭിച്ചാൽ പദ്ധതിപ്പണം ഉപയോഗിച്ച് തവണ അടയ്ക്കുകയും ചെയ്യാമെന്ന് കണക്കാക്കുന്നു. വീടില്ലാത്തവരുടെ കണക്കെടുത്തപ്പോൾ കഴിഞ്ഞ വർഷത്തേതിലും പതിൻമടങ്ങ് വർധിച്ച സാഹചര്യത്തിലാണ് വായ്പയെടുത്താണെങ്കിലും എല്ലാവർക്കും വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ നഗരസഭ തീരുമാനിച്ചതെന്ന് ചെയർപേഴ്സണ് ഡോ.പി.ആർ.സോന, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ.പ്രസാദ് എന്നിവർ പറഞ്ഞു.
പ്രതിവർഷം മൂന്നു ലക്ഷം രൂപ വരെ വരുമാനമുള്ളവരെയാണ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തുന്നത്. നാലു ലക്ഷം രൂപയാണ് വീട് നിർമാണത്തിന് നല്കുന്നത്. ഇതിൽ രണ്ടു ലക്ഷം നഗരസഭയും കേന്ദ്ര സർക്കാർ ഒന്നര ലക്ഷവും സംസ്ഥാന സർക്കാർ അൻപതിനായിരം രൂപയും നല്കും. അടുത്ത മാർച്ചിനകം വീടുകളുടെ നിർമാണം പൂർത്തിയാക്കേണ്ടതാണ്.