വിവാഹത്തിന് ശേഷവും അഭിനയിക്കുമെന്ന് ചലച്ചിത്ര നടി ഭാവന. ഓരോ ദിവസവും സന്തോഷമായിരിക്കുകയാണ് എന്റെ ലക്ഷ്യം. സിനിമയുണ്ടെങ്കിലും ഇല്ലെങ്കിലും അങ്ങനെയായിരിക്കും. ഒരാഴ്ചയിൽ അഞ്ച് ദിവസത്തിൽക്കൂടുതൽ അഭിനയിക്കാൻ താത്പര്യമില്ലെന്ന് ഭാവന വ്യക്തമാക്കി. ദുബായിൽ ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു നടി.
വിവാഹത്തെ ആകാംക്ഷയോടെ നോക്കിക്കാണുന്നുവെങ്കിലും യാതൊരു പരിഭ്രമവുമില്ല. കാരണം, പതിനഞ്ചാം വയസിൽ മുഖത്ത് ചായം തേച്ച് ചുറ്റും ഒട്ടേറെ പേർ നോക്കി നിൽക്കുന്പോൾ കാമറയെ അഭിമുഖീകരിച്ചവളാണ് താനെന്നും ഭാവന. ഏറെക്കാലമായി പ്രണയത്തിലായിരുന്ന നവീൻ എന്ന കന്നഡ സിനിമാ നിർമാതാവുമായിട്ടാണ് ഭാവനയുടെ വിവാഹമുറപ്പിച്ചിട്ടുള്ളത്.
വളരെ ഭക്ഷണപ്രിയയാണ് ഞാൻ. എന്തുവന്നാലും ഭക്ഷണത്തെ ഉപേക്ഷിക്കാനാവില്ല. അതുകൊണ്ട് ഇന്നത്തെ മോഡലാകാൻ എനിക്കാവില്ല. എല്ലാ മാസവും ഞാൻ ദിനചര്യകൾ എഴുതി വയ്ക്കും. എന്നാൽ ആദ്യത്തെ രണ്ട് ദിവസം മാത്രമേ അത് പാലിക്കാൻ സാധിക്കാറുള്ളൂ- ഭാവന പറഞ്ഞു.