മുക്കം : 2017ൽ ഭവന നിർമ്മാണ പ്രവർത്തനം നിർത്തിയ ട്രസ്റ്റിന്റെ പേരിൽ കോടികളുടെ തട്ടിപ്പ്. ചാത്തമംഗലത്തെ മാർ തെയോഫെലോസ്ഫൗണ്ടേഷൻ ട്രസ്റ്റിന്റെ പേരിലാണ് ട്രസ്റ്റ് ഭാരവാഹികൾ പോലും അറിയാതെ തട്ടിപ്പ് നടത്തിയിരിക്കുന്നത്. നൂറുകണക്കിനാളുകളിൽ നിന്ന് ലക്ഷങ്ങൾ വാങ്ങിയാണ് ഭവന പദ്ധതിയുടെ പേരിൽ തട്ടിപ്പ് നടത്തിയത്.
സർക്കാർ ഭവന പദ്ധതി മോഡലിൽ ആണെന്ന് വിശ്വസിപ്പിച്ച് അപേക്ഷകരിൽ നിന്ന് ഒരു ലക്ഷം രൂപയും സംസ്ഥാന സർക്കാർ രണ്ടുലക്ഷവും സന്നദ്ധ സംഘടന ഒരു ലക്ഷം രൂപയും നൽകും എന്ന് പറഞ്ഞാണ് കോഴിക്കോട് ജില്ലയുടെ കിഴക്കൻ മലയോര മേഖലയിലും മലപ്പുറം ജില്ലയിലെ ഊർങ്ങാട്ടീരി അടക്കമുള്ള പഞ്ചായത്തുകളിൽ നിന്നും പ്രമുഖ രാഷ്ട്രീയ പാർട്ടി നേതാവിന്റെ നേതൃത്വത്തിൽ തട്ടിപ്പു നടത്തിയത്.
ഊർങ്ങാട്ടിരി പഞ്ചായത്തിൽ മാത്രം 200ലധികം പേർ തട്ടിപ്പിന് ഇരയായതായാണ് വിവരം. നാലു ലക്ഷം രൂപ വീട് നിർമാണത്തിന് ലഭിക്കും എന്ന് അറിഞ്ഞു പലരും ഉള്ള വീട് പൊളിച്ചു പ്രവൃത്തി ആരംഭിച്ച് വർഷം ഒന്നു കഴിഞ്ഞെങ്കിലും ഇതുവരെ യാതൊരു തുകയും കിട്ടിയില്ലെന്ന് മാത്രമല്ല ഗുണഭോക്തൃ വിഹിതമായി അടച്ച ഒരു ലക്ഷം രൂപ യെക്കുറിച്ചും ഒരു വിവരവുമില്ല. മൂന്ന് മാസത്തിനകം വീട് നിർമിച്ചു നൽകുമെന്നായിരുന്നു പണം വാങ്ങിയവർ അറിയിച്ചിരുന്നത്.
ഇതോടെ പലരും കടംവാങ്ങിയും കെട്ടുതാലി വിറ്റും കല്യാണ ആവശ്യത്തിന് മാറ്റിവച്ച പണവുമെല്ലാം എടുത്ത്നൽകിയെങ്കിലും ഇപ്പോൾ പണം വാങ്ങിയവർ കൈമലർത്തുകയാണന്ന് തട്ടിപ്പിനിരയായവർ പറയുന്നു.
ഗുണഭോക്താക്കളെ വിശ്വസിപ്പിക്കുന്നതിനായി ഇടക്കിടയ്ക്ക് പണം വാങ്ങിയവർ വീട് സന്ദർശിക്കുകയും വീടിന്റെ ഫോട്ടോ അടക്കം എടുത്തു പോവുകയും ചെയ്തിട്ടുണ്ട്. ഇതിനായി 600 രൂപ വച്ചു ഓരോരുത്തരിൽ നിന്നും വാങ്ങിയതാണ് വിവരം.
വീടിന്റെ സ്കെച്ച്, പ്ലാൻ ഉൾപ്പെടെയുള്ള രേഖകൾക്കെല്ലാമായി നിരവധി ദിവസം അക്ഷയ കേന്ദ്രങ്ങളിലും പഞ്ചായത്ത് ഓഫീസിലും കയറി ഇറങ്ങുക മാത്രമല്ല ഇതിനായും വലിയ തുക ചെലവഴിക്കുകയും ചെയ്തിട്ടുണ്ട്. സംഘത്തിന്റെ തട്ടിപ്പ് മനസിലാക്കിയ സംഘടന 2019 മാർച്ച് മൂന്നാം തീയതി ഒരു മലയാള പത്രത്തിൽ ഭവന പദ്ധതിയുമായി തങ്ങൾക്ക് ബന്ധമില്ലെന്ന് കാണിച്ച പത്രപരസ്യം നൽകിയിരുന്നു.
ഇതിനുശേഷവും നിരവധി പേരിൽ നിന്ന് പണം വാങ്ങിയതായാണ് വിവരം. ഇത്തരത്തിൽ കോടികളുടെ തട്ടിപ്പാണ് നടത്തിയിരിക്കുന്നത്. അതേസമയം സംഭവം വിവാദമായതിനെ തുടർന്ന് പരസ്യ പ്രതികരണവുമായി രംഗത്തെത്തിവരെ ബന്ധപ്പെട്ട ഇവർക്ക് അടച്ച പണം മാത്രം തിരിച്ചു നൽകാനുള്ള നടപടികളും തട്ടിപ്പ് നടത്തിയവർ തുടങ്ങിയിട്ടുണ്ട്.