ആറ്റിങ്ങൽ: സ്കോലിയോസിസ് അസുഖത്തെ നൃത്തം കൊണ്ട് തോൽപ്പിച്ച് ആറ്റിങ്ങൽ വലിയക്കുന്ന് സ്വദേശി ഭവ്യ വിജയൻ. സ്കോലിയോസിസ് (നട്ടെല്ലുവളയൽ) എന്ന അസുഖത്തിൽ നിന്ന് മോചനം നേടാൻ സർജറി നടത്തണമെന്ന് ഡോക്ടർമാർ പറഞ്ഞപ്പോൾ നൃത്തം തുടരാൻ കഴിയുമോയെന്നായിരുന്നു ഭവ്യക്ക് ആശങ്ക.
വളരെ ചെറുപ്പത്തിൽ തന്നെ സഹോദരിക്കൊപ്പം നൃത്തം അഭ്യസിച്ചിരുന്ന ഭവ്യക്ക് നൃത്തമായിരുന്നുഎല്ലാം. നട്ടെല്ലിനു പത്ത് മണിക്കൂർ നീളുന്ന സർജറിയിലൂടെ അസുഖത്തിൽനിന്ന് പൂർണമോചനം നേടാമെന്നും നൃത്തംതുടരാമെന്നും ഡോക്ടർമാരുടെ ഉറപ്പും, ഭർത്താവ് വിനോദിന്റെ പൂർണപിന്തുണകൂടി ലഭിച്ചതോടെ സർജറിനടത്തുകയായിരുന്നു.
40 ശതമാനത്തിൽ അധികം വളവുണ്ടായിരുന്ന നട്ടെല്ലിനെ ഒന്പതു നട്ടും ബോൾട്ടും രണ്ട് കമ്പിയും ഇട്ട് നിവർത്തിയെടുത്തു. ഏഴു ദിവസത്തെ ആശുപത്രി വാസത്തിനുശേഷം ആശുപത്രി വിടുമ്പോൾ മൂന്നുമാസത്തിനകം ഡാൻസ് ചെയ്യാമെന്ന് ഡോക്ടർ ഭവ്യയോടു പറഞ്ഞു.
ഒന്നര മാസം കഴിഞ്ഞപ്പോൾ വീട്ടിൽ ഡാൻസ് പഠിപ്പിക്കാൻ തുടങ്ങിയ ഭവ്യ സ്വയം പ്രാക്ടീസും ഫിസിയോതെറാപ്പിക്കുശേഷം ചിലങ്കയണിഞ്ഞു. തുടർന്ന് കേരള സർക്കാറിന്റെ വജ്രജൂബിലി ഫെല്ലോഷിപ്പ് ഭവ്യതേടിയെത്തി.ചിറയിൻകീഴ് ബ്ലോക്കിൽ കലാപ്രചരണത്തിന്റെ ചുമതലയേറ്റെടുത്തതോടെ നൂറിലധികം കുട്ടികൾ ഭവ്യയിൽ നിന്നും നൃത്തം അഭ്യസിക്കുന്നുണ്ട്. മക്കളായ നിരഞ്ജനും നീരവും ഭവ്യയുടെ നൃത്ത ജീവിതത്തിൽ ഒപ്പമുണ്ട്.