കുമരകം: കുമരകംകാരുടെ സ്വന്തം ഭൈമിഅമ്മ പാന്പാടിക്കാർക്ക് കുമരകം ചേച്ചിയായി മാറിയത് ജനങ്ങൾക്ക് അവരോടുള്ള സ്നേഹവും ബഹുമാനവും മൂലം.
പാന്പാടിയിൽ മഹിമ റെസിഡന്റ്സ് അസോസിയേഷൻ നിർമിച്ച ബസ് കാത്തിരിപ്പു കേന്ദ്രത്തിന് കുമരകം ചേച്ചി സ്മാരക കാത്തിരിപ്പു കേന്ദ്രമെന്നു പേരു നൽകിയതിനും ഈ സ്നേഹമാണ് കാരണം. ആപ്പിത്ര കളത്തിൽ നാരായണന്റെ സഹധർമ്മിണിയാണ് ഭൈമി.
12-ാം വയസിൽ കളരിയാശാനും ആയുർവേദ ചികിത്സയിൽ വിദഗ്ധനും തിരുമ്മുകാരനുമായ അച്ഛൻ ഗോവിന്ദനോടൊപ്പം അഞ്ചേരിയിലേക്കാണ് ആദ്യം പോയത്.
പിന്നീട് ഏഴാംമൈലിലും ഒന്പതാം മൈലിലും ആയുർവേദ കടയും ചികിത്സാലയവും നടത്തിയശേഷം കുടുംബം പാന്പാടി മാർക്കറ്റിനു സമീപത്തു സ്ഥിരതാമസം ആരംഭിച്ചു.
ഗോവിന്ദൻ വൈദ്യൻ മരിച്ചതിനുശേഷം വൈദ്യാലയം നടത്തിയതും ചികിത്സ തുടർന്നതും ഗോവിന്ദന്റെ ഭാര്യ ചിന്നമ്മയാണ്.
പിന്നീട് ഭൈമി നാരായണനാണ് ചികിത്സയും മറ്റു സേവനങ്ങളും നിറവേറ്റിപ്പോന്നത്. തളർന്നും ചലനശേഷി നഷ്ടപ്പെട്ടും എത്തിക്കുന്നവരെപ്പോലും ജീവിതത്തിലേക്കു കൈപിടിച്ചു നടത്തിയ ഭൈമിഅമ്മ അങ്ങനെ പാന്പാടിക്കാരുടെ കുമരകം ചേച്ചിയായി.
സാന്പത്തിക ബുദ്ധിമുട്ടുള്ളവർക്കു സൗജന്യ ചികിത്സയും സഹായവും നൽകിയതിന്റെ ബഹുമാന സൂചകമായിട്ടാണ് 2019ൽ ഭൈമി അമ്മ മരണപ്പെട്ടപ്പോൾ പാന്പാടി മാർക്കറ്റിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തിനു റെസിഡന്റ്സ് അസോസിയേഷൻ കുമരകം ചേച്ചി സ്മാരക വെയ്റ്റിംഗ് ഷെഡ് എന്ന് നാമകരണം ചെയ്തത്.
ഇപ്പോൾ ഭൈമിയുടെ കൊച്ചുമക്കളാണ് ഗുരു സ്മാരക വൈദ്യശാലയിൽ സേവനം അനുഷ്ഠിക്കുന്നത്.