വീട്ടമ്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അന്യ സംസ്ഥാന തൊഴിലാളികൾ നിരീക്ഷണത്തിലാണ്. മാർക്കറ്റിലും പരിസരത്തും നിരവധി അന്യ സംസ്ഥാന തൊഴിലാളികളാണ് ജോലി ചെയ്തു താമസിക്കുന്നത്. കൊല്ലപ്പെട്ട ആലീസിന്റെ ഭർത്താവിന് മുന്പ് മാർക്കറ്റിൽ മാംസ വ്യാപാരമായിരുന്നതിനാൽ ഈ സ്ഥാപനത്തിൽ അന്യ സംസ്ഥാന തൊഴിലാളികൾ ജോലി ചെയ്തിരുന്നു. അവർക്ക് ഈ വീടും പരിസരവും വീട്ടുക്കാരെയും വളരെ പരിചിതമാണ്.
ഇപ്പോൾ മാർക്കറ്റിൽ ജോലി ചെയ്യുന്ന അന്യ സംസ്ഥാന തൊഴിലാളികളുടെയും മുന്പ് ജോലി ചെയ്തിരുന്നവരുടെയും വിവരങ്ങൾ പോലീസ് ശേഖരിക്കുന്നുണ്ട്. ഇവരിൽ ക്രിമിനൽ പശ്ചാത്തലമുള്ളവരെ തിരിച്ച് ലിസ്റ്റ് തയ്യാറാക്കുന്നുണ്ട്. പലരുടെയും പേരുകളെ കുറിച്ച് വീട്ടുക്കാർക്ക് വ്യക്തമല്ലെങ്കിലും മൊബൈലിൽ ലഭിക്കുന്ന ഫോട്ടോ കളിലൂടെയാണ് ഇവരെ തിരിച്ചറിയുന്നത്.
അടുത്തിടെ ജോലിയുമായി ഇവിടെ താമസമാക്കിയവരും സംഭവത്തിനു ശേഷം ആരെങ്കിലും ജോലി ഉപേക്ഷിച്ചു നാട്ടിലേക്ക് തിരികെ പോയിട്ടുണ്ടോ എന്നുള്ളതും പോലീസ് പരിശോധിക്കുകയാണ്. മാർക്കറ്റിനുള്ളിലെ വ്യാപാര സ്ഥാപനത്തിൽ നിന്നും കുറച്ച് ദിവസം മുന്പ് ഒരു കൊലപാതക കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.