എരുമേലി: പശ്ചിമ ബംഗാളിലെ സുഹൃത്തായ പഞ്ചായത്ത് മെംബറെ ഫോണിൽ വിളിച്ച് എരുമേലിയിൽ കഴിയുന്ന ഇതര സംസ്ഥാന തൊഴിലാളി പറഞ്ഞ കളവ് മൂലം വലഞ്ഞത് പോലീസും പഞ്ചായത്തും ആരോഗ്യവകുപ്പും.
ഒരു മാസത്തേക്കുള്ള അരിയും പലവ്യഞ്ജന സാധനങ്ങളും സ്റ്റോക്ക് ഇരിക്കെയാണു മുഴുപ്പട്ടിണിയാണെന്ന് ബംഗാൾ സ്വദേശി കള്ളം പറഞ്ഞത്. ഇന്നലെ മുക്കൂട്ടുതറ ഇടകടത്തിയിലാണ് സംഭവം.
ഇവിടെ 22 അതിഥി തൊഴിലാളികൾ കഴിയുന്ന ക്യാന്പിലാണ് ഭക്ഷണം ഇല്ലെന്ന് ബംഗാളിൽനിന്നും കേരള സർക്കാരിന്റെ ഹെൽപ് ലൈനിലേക്കും ഡിവൈഎഫ്ഐയുടെ കോൾ സെന്ററിലേക്കും ഫോണിൽ പരാതി എത്തിയത്.
കോട്ടയം ജില്ലാ കളക്ടറുടെ നിർദേശപ്രകാരം എരുമേലി പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. കൃഷ്ണകുമാർ, സിഐ ആർ. മധു, എസ്ഐ മുഹമ്മദ് ഹനീഫ, എരുമേലി സാമൂഹിക ആരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. വിനോദ്, ബ്ലോക്ക് ഹെൽത്ത് സൂപ്പർവൈസർ എം.വി. ജോയി, ജെഎച്ച്ഐ മാരായ ലിജിൻ, വിനോദ്, വിദ്യ, ജെസി, റൂബി, റമി, വാർഡ് അംഗം സോജൻ സ്കറിയ തുടങ്ങിയവർ ഉൾപ്പെട്ട സംഘം സ്ഥലത്തെത്തി.
കരാറുകാരൻ വാങ്ങിക്കൊടുത്ത ഭക്ഷണസാധനങ്ങൾ ക്യാന്പിൽ സ്റ്റോക്കുണ്ടെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തി. പഞ്ചായത്തിന്റെ കമ്യുണിറ്റി കിച്ചണിൽനിന്നും ഭക്ഷണം കിട്ടാൻ വേണ്ടി കള്ളം പറഞ്ഞതാണെന്ന് ബംഗാളിൽ ഫോണ് ചെയ്തറിയിച്ച തൊഴിലാളി പറഞ്ഞു.
കൊറോണ വൈറസ് ബോധവത്കരണം നടത്തിയതിനു പുറമെ കള്ളം പറയരുതെന്ന ഉപദേശവും ഹിന്ദിയിൽ നൽകിയിട്ടാണ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും മടങ്ങിയത്. കമ്യുണിറ്റി കിച്ചണിൽനിന്ന് ഭക്ഷണം എത്തിച്ചു നൽകുകയും ചെയ്തു.