ചൈനക്കാർ പല കാര്യങ്ങളിലും വളരെയധികം പ്രശസ്തി കരസ്ഥമാക്കിയവർ ആണ്. അതിൽ ഒന്നാണ് അവരുടെ നീല മണ്പാത്രങ്ങൾ.
ബ്ലൂ പോട്ടറി എന്ന് അറിയപ്പെടുന്ന ഈ പാത്രങ്ങൾ നീല പൂക്കളാൽ അലങ്കരിച്ചവയാണ്. ആരു ചൈനയ്ക്കു പോയി വന്നാലും അവർ തീർച്ചയായും അവിടന്ന് ഒരു സുന്ദരമായ നീല പാത്രം കൊണ്ടുവന്നിരിക്കും.
ഇത് കപ്പ് ആയാലും പ്ലേറ്റായാലും ഒരു കൊച്ചു ജഗ് ആയാലും വളരെ ലോലമായതും കൗതുകമേറിയതുമാണ്. കൊണ്ടുവന്നാൽ അതു വളരെ സൂക്ഷിച്ച് ചില്ലുകൂട്ടിലാക്കിവയ്ക്കും. കാരണം ഇവ ഏറെ വിലപിടിപ്പുള്ളവയാണ്.
ഇങ്ങനെയുള്ള മനോഹര പാത്രങ്ങളുടെ കാര്യത്തിൽ എങ്ങനെയായാലും അതിപുരാതനമായ ഒരു ചരിത്രമുണ്ട്. 20,000 വർഷങ്ങൾക്കു മുന്പ് തെക്കൻ ചൈനയിലെ ചില മലഞ്ചെരിവുകളിലും ഗുഹകളിലും പാറക്കെട്ടിനിടയ്ക്കും എല്ലാം ആൾപ്പാർപ്പ് ഉണ്ടായിരുന്നുവത്രേ.
ഇതിനു തെളിവായി കിട്ടിയത് അന്നത്തെ മണ്പാത്രങ്ങളുടെ ചില പൊട്ടിയ കഷണങ്ങൾ ആയിരുന്നു. അവർ അന്ന് വെള്ളം നിറച്ചുവച്ചിരുന്നതും ഭക്ഷണം പാകംചെയ്തിരുന്നതുമെല്ലാം മണ്പാത്രങ്ങളിലായിരുന്നു.
കാലം നീങ്ങിയതോടെ അവരുടെ കഴിവും ഈ മേഖലയിൽ പുരോഗതിയുണ്ടാക്കി. ഹാൻ രാജവംശത്തിന്റെ കാലത്തെ ശവകുടീരങ്ങൾ പരിശോധിച്ചപ്പോൾ അന്നത്തെ പതിവനുസരിച്ച് ശവശരീരത്തിനൊപ്പം അവരുടെ മണ്പാത്രങ്ങളും മറ്റു പല വസ്തുക്കളും കുഴിച്ചിട്ടത് കണ്ടെടുത്തു. ഇത് ചൈനയിലെ ചാങ് നാൻ എന്ന സ്ഥലത്താണു കണ്ടത്. അവിടെ ഈ പാത്രങ്ങളുടെ ഒരു കലവറ തന്നെയുണ്ട്.
ചൈനക്കാരുടെ മാത്രമായ ഈ കണ്ടുപിടിത്തം ഒരു പ്രത്യേക കലയാണ്. ടാങ് രാജവശത്തിന്റെ കാലമായപ്പോൾ (618-907) അവർ എല്ലാ മേഖലയിലും നിപുണരായി. ഈ ഒരു കാലഘട്ടത്തിലാണ് അവർ നീലയും വെള്ളയും ചേർന്ന പാത്രങ്ങൾ നിർമിച്ചത്.
ടൂറിസ്റ്റ് ഗൈഡ് ഇത്രയും പറഞ്ഞുകഴിഞ്ഞപ്പോൾ ഞങ്ങൾ അവരുടെ പ്രധാന ഷോറൂം ഹാളിലെത്തി. തറയിലും വാതിൽക്കലും എല്ലാം പലതരം ടൈൽസും പ്ലേറ്റുകളുംകൊണ്ട് അലങ്കരിച്ചിരിക്കുകയാണ്.
രണ്ടു ചൈനീസ് സ്ത്രീകൾ അവരുടെ പരന്പരാഗത വേഷത്തിൽവന്നു ഞങ്ങളെ അകത്തേക്കു സ്വീകരിച്ചു. ഹാളിന്റെ നാലുവശവും പല തട്ടുകൾ തരംതിരിച്ചിട്ടുണ്ട്. ഇവ ഓരോന്നിലും അവയുടെ വലുപ്പച്ചെറുപ്പമനുസരിച്ച് കപ്പുകൾ, പ്ലേറ്റുകൾ, ജഗ്ഗുകൾ, കോപ്പകൾ എന്നിവ നിരനിരയായി ഇരിക്കുന്നതു കണ്ടപ്പോൾ കണ്ണഞ്ചിപ്പോയി.
അവിടത്തെ വലിയ ജാറുകളും അതിൽ ചെയ്തിട്ടുള്ള ചിത്രപ്പണകളും എല്ലാം കണ്ടുനിന്നുപോയി. എല്ലാം ഒരു നീലമയം. ഇതാണു ശരിക്കും അവരുടെ നീല പാത്രങ്ങൾ. നീല മാത്രമല്ല വേറെയും ചില കളറുകൾ ഉള്ളതും കണ്ടു. ചിലതു പ്രത്യേകം പറഞ്ഞുചെയ്യിക്കുന്നതുമുണ്ട്.
നമുക്ക് ഏതു വേണമെങ്കിലും ചൂണ്ടിക്കാട്ടിയാൽ മതി ഉടനെ അവർ അത് എടുത്ത് നമ്മെ കാണിക്കും. ഇതു കൈകാര്യംചെയ്യുന്നതു സൂക്ഷിച്ചില്ലെങ്കിൽ പൊട്ടാൻ സാധ്യതയുണ്ട്.
നമ്മൾ വാങ്ങിയ സാധനങ്ങൾ വളരെ ഭംഗിയായ പാക്ക് ചെയ്തുതരും. ഇതു കൈയിൽ ഒതുങ്ങാത്തതാണെങ്കിൽ അതു നമുക്കു വേണ്ടിടത്ത് എത്തിച്ചുതരും.
പിന്നീട് ഇവ ഉണ്ടാക്കുന്നതുകാണാൻ ഇവരുടെ പണിശാലയിലേക്കു പോയി. അവിടെ നിരനിരയായി ഈ കല അറിയാവുന്ന ചെറുപ്പക്കാർ ഓരോ കറങ്ങുന്ന ചക്രത്തിന് അടുത്തിരുന്നു ശ്രദ്ധ തെറ്റാതെ പണിതുകൊണ്ടിരുന്നു. അല്പം നോട്ടം തെറ്റിയാൽ എല്ലാം പാളിപ്പോകും.
കാഴ്ചക്കാർ വന്നുപോകുന്നത് എന്നും കാണുന്നവരായതുകൊണ്ട് അവർ ആരെയും ശ്രദ്ധിക്കാതെ അവരുടെ പണിയിൽ മുഴുകിയിരുന്നു.
ഇവർ ഉണ്ടാക്കിയെടുത്ത പാത്രങ്ങൾ മറ്റൊരു ഹാളിൽ എത്തിച്ചതിനുശേഷം അവിടെ പെയിന്റിംഗും മറ്റും ചെയ്യുന്ന സ്ത്രീകളെ കണ്ടു.
കൈ ഉയർത്താതെയാണ് അവർ പെയിന്റിൽ മുക്കി കലാപരമായി ഈ പാത്രങ്ങൾക്കു നിറം കൊടുക്കുന്നത്. അതിനുശേഷം ഇതിനു തിളക്കം കൊടുക്കാൻ 1200-1300 ഡിഗ്രി ചൂടുള്ള ഇലക്ട്രിക് ചൂളയിലേക്ക് മാറ്റും.
പണ്ടൊക്കെ വിറകും കരിയും ഉപയോഗിച്ചിരുന്നു. ഇപ്പോൾ ഇങ്ങനെയാണ്. അതോടൊപ്പം പുതിയ സാങ്കേതികവിദ്യകളും ഉപയോഗിച്ചുതുടങ്ങി.
പാത്രങ്ങളുടെ ഗുണനിലവാരവും മെച്ചപ്പെട്ടുതുടങ്ങി. കാലാന്തരത്തിൽ അവരുടെ ചിത്രങ്ങളുടെ രീതികളും മാറിക്കൊണ്ടിരുന്നു. ഒരു കാലത്ത് ഡ്രാഗണും ഫീനിക്സ് പക്ഷിക്കുമായിരുന്നു പ്രാധാന്യം. പിന്നെ കടൽ തിരകളും പ്രകൃതിദൃശ്യങ്ങളും മറ്റും ഉൾപ്പെടുത്താൻ തുടങ്ങി.
ഇതൊക്കെ ധാരാളമായി അവിടെ ഉണ്ടാക്കുന്നുണ്ടെങ്കിലും അവിടത്തെ ചക്രവർത്തിമാർ ഓരോരുത്തർക്കും അവരുടേതായ പാത്രം ഉണ്ടാക്കാനുള്ള ഫാക്ടറികൾ ഉണ്ടായിരുന്നു.
അവരുടെ ഡിസൈനും മറ്റും മറ്റാർക്കും കിട്ടുകയില്ല. കൂടാതെ കയറ്റി അയയ്ക്കാനുള്ള കുടങ്ങളും പാത്രങ്ങളും വളരെ ശ്രദ്ധയോടെയാണ് ഉണ്ടാക്കുന്നത്. ഇതിൽ വ്യത്യസ്തതയുമുണ്ട്.
നാലുതരം പാത്രങ്ങൾ ആണുള്ളത്. ഇതിനുവേണ്ടി ഒരു പ്രത്യേകതരം കളിമണ്ണ് നദീതീരത്തുനിന്ന് എടുക്കും. ഇതിൽ അന്ന് ഉണ്ടായിരുന്ന ചെടികളുടെയും മൃഗങ്ങളുടെയും അവശിഷ്ടങ്ങൾ അലിഞ്ഞുചേർന്നിട്ടുണ്ട്.
ഇതിൽനിന്ന് അനാവശ്യമായവ നീക്കി നിറക്കൂട്ടുകൾ ചേർത്ത് ആളുകൾചേർന്ന് ചവുട്ടിക്കുഴയ്ക്കും. ഏറെ കരുത്തോടെ ചെയ്യേണ്ട ഈ ജോലിക്ക് സമയമേറെ എടുക്കും.
അങ്ങനെ പല ഘട്ടങ്ങൾകൂടി കടന്നുപോയതിനുശേഷമാണ് ഒരു സുന്ദരരൂപമാക്കി ഇതു മാറ്റുന്നത്. ഓരോ പാത്രത്തിന്റെ പുറകിലും ശക്തമായ കൈവേലയുണ്ട്.
ചൈനയിൽ ഇത്തരം ഫാക്ടറികൾ ധാരാളമുണ്ട്. എന്നാൽ പെയിന്റിംഗിലാണ് ഇതിനു പൂർണ തിളക്കവും ഭംഗിയും കിട്ടുന്നത്. പല തരത്തിൽ ഇവയെ തരംതിരിച്ചിട്ടുണ്ട്.
ആദ്യം കൊട്ടാരത്തിന്റെ ആവശ്യങ്ങൾക്ക്. പിന്നീടു പൂജാമുറികളിൽ ഉപയോഗിക്കാൻവേണ്ടിയുള്ളവ, ബാക്കി നാട്ടുകാർക്കും വീട്ടുകാർക്കും.
കയറ്റി അയയ്ക്കാനുള്ള വലിയ ആറടി പൊക്കം വരുന്നവ ഉണ്ടാക്കുന്നത് പ്ലാസ്റ്റർ ഓഫ് പാരീസിന്റെ മോൾഡുകൾ ഉപയോഗിച്ചാണ്. എങ്ങനെ നോക്കിയാലും ഇതിനു പുറകിൽ പലരുടെയും കരവിരുതു തെളിഞ്ഞുകാണാം.
ഞങ്ങൾ ഇതെല്ലാം വിസ്മയത്തോടെ കണ്ടുകഴിഞ്ഞ് പുറത്തേക്ക് ഇറങ്ങാറായപ്പോൾ ഓരോരുത്തരും വാങ്ങിയ പാത്രങ്ങൾ വളരെ കാര്യമായി പൊട്ടാത്ത രീതിയിൽ പാക്ക് ചെയ്തുതന്നു.
ഓമന ജേക്കബ്