കൊല്ലം: മാധ്യമങ്ങൾ തന്നെ വേട്ടയാടുകയാണെന്ന് കെ.ബി. ഗണേഷ് കുമാർ എംഎൽഎ. നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിനെ താരസംഘടനയായ അമ്മയിലേക്ക് തിരിച്ചെടുക്കാനുള്ള തീരുമാനത്തിൽ താൻ പങ്കാളിയല്ല. ഇടവേള ബാബുവുമായുള്ള ശബ്ദസന്ദേശം തന്റേത് തന്നെയാണെന്നും ഗണേഷ് മാധ്യമങ്ങളോട് പറഞ്ഞു.
ശബ്ദരേഖ പുറത്ത് പോയത് എങ്ങനെയെന്ന് അന്വേഷിക്കുന്നുണ്ട്. ഇതുകൊണ്ടൊന്നും സംഘടനയെ തകർക്കാമെന്ന് ആരും കരുതേണ്ടെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.
അമ്മ ഒരു രാഷ്ട്രീയ സംഘടനയല്ലെന്നും പൊതുജന പിന്തുണയുടെ ആവശ്യവുമില്ലെന്നും ഗണേഷ് കുമാർ പറയുന്ന ശബ്ദസന്ദേശമാണ് പുറത്തുവന്നത്. ജനങ്ങളുടെ കൈയടി വാങ്ങാനുള്ള സംഘടനയുമല്ല ഇത്.
രാഷ്ട്രീയക്കാർ നടത്തിയ പ്രസ്താവനകൾ ചാനലുകളിൽ പേര് വരാൻ വേണ്ടി മാത്രമാണ്. പത്രവാർത്തയും ഫേസ്ബുക്കും കണ്ട് നമ്മൾ പേടിക്കരുത്. വാർത്തകൾ രണ്ടു ദിവസംകൊണ്ട് അടങ്ങുമെന്നും ഗണേഷ്കുമാർ ശബ്ദസന്ദേശത്തിൽ പറയുന്നു.