നെയിം പ്ലേറ്റോ മറ്റ് ഐഡന്റിറ്റികളോ വെളിപ്പെടുത്താത്ത ഒരാള്‍ രാത്രിയില്‍ വണ്ടി തടഞ്ഞ് പരിശോധിക്കാന്‍ ശ്രമിച്ചതിനെ ചോദ്യം ചെയ്യുന്ന വീഡിയോ വൈറലാകുന്നു.
വീഡിയോയില്‍ വാഹനത്തിലിരിക്കുന്നയാള്‍ പുറത്ത് നില്ക്കുന്ന വനം വകുപ്പ് ഉദ്യോഗസ്ഥയുമായി, വാഹനം പരിശോധിക്കാന്‍ ആര്‍ക്കാണ് അധികാരമുള്ളത് എന്നതിനെ കുറിച്ച് നടന്ന തര്‍ക്കമായിരുന്നു ഉള്ളടക്കം.
കിഫയുടെ (കേരള ഇൻഡിപെന്റന്റ് ഫാര്‍മേഴ്സ് അസോസിയേഷന്) ലീഗൽ സെൽ ഡയറക്ടർ അഡ്വ.ജോണി കെ ജോര്‍ജ്ജാണ് വീഡിയോ ചിത്രീകരിച്ച് സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവച്ചതും.
കോന്നി താലൂക്കിലെ അരുവാപുലം വില്ലേജില്‍ കല്ലേമുട്ടി എന്ന സ്ഥലത്തെ ഫോറസ്റ്റ് ചെക്ക് പോസ്റ്റില്‍ വച്ചാണ് സംഭവം.
കിഫയുടെ ഒരു ക്ലാസുമായി ബന്ധപ്പെട്ട് കൊക്കാത്തോട്ടില്‍ പോയി തിരിച്ച് വരുകയായിരുന്നു അദേഹം.
രാത്രി ഏഴോടെ ചെക്ക് പോസ്റ്റിലെത്തിയപ്പോള്‍ ഒരാള്‍ വന്ന് വണ്ടിക്ക് കൈകാണിച്ചു. വണ്ടി നിര്‍ത്തിയ ഉടനെ അയാൾ വണ്ടിയുടെ പുറകിലേക്ക് പോയി ടോര്‍ച്ചടിച്ച് പരിശോധന ആരംഭിച്ചു.
ആരാണ് എന്താണ് വേണ്ടതെന്ന് എന്ന് ചോദിച്ചപ്പോള്‍, അത് നിങ്ങളോട് പറയേണ്ട കാര്യമില്ലെന്നായിരുന്നു മറുപടി.
ഞങ്ങളുടെ സംസാരം കേട്ട് കൊണ്ട് സംഭവ സ്ഥലത്ത് നിന്ന് ഏതാണ്ട് 30 മീറ്റര്‍ മാറിയുള്ള ഫോറസ്റ്റ് ചെക്ക് പോസ്റ്റ് ഓഫീസില്‍ നിന്ന് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (ബിഎഫ്ഒ), ഇറങ്ങി വന്നു.
വണ്ടി സര്‍ച്ച് ചെയ്യാന്‍ അനുവദിക്കുന്നില്ലെന്ന് അവര്‍ മറ്റാരോടോ വിളിച്ച് പറഞ്ഞു. അതിന് ശേഷം വണ്ടിയുടെ സമീപത്തെത്തിയ അവര്‍ മുകളില്‍ നിന്ന് ആള് വന്നിട്ട് പോയാല്‍ മതിയെന്നും ആവശ്യപ്പെട്ടു.
വണ്ടി സര്‍ച്ച് ചെയ്യാന്‍ വാറന്റുണ്ടോ എന്ന് ചോദിച്ചപ്പോള്‍ അവര്‍ക്ക് മറുപടിയില്ലായിരുന്നു. എന്‍എംആര്‍ ജോലിക്കാരനാണ് ഫോറസ്റ്റ് വാച്ചര്‍.
അത്തരമൊരാള്‍ക്ക് വാഹനം തടഞ്ഞ് നിര്‍ത്തി പരിശോധിക്കാന്‍ ഒരു നിയമവും അനുവദിക്കുന്നില്ല.
കാട് വെട്ടിത്തളിക്കുക, ഫയര്‍ലൈന്‍ തെളിക്കുക എന്നിങ്ങനെ ചില ജോലികള്‍ മാത്രമാണ് അയാള്‍ക്ക് അനുവദിച്ചിട്ടുള്ളതെന്ന് അഡ്വ. ജോണി പറഞ്ഞു.
അവര്‍ പിഎസ്സി പാസായി ജോലിക്ക് കയറിയ ആളാണ്. അതുകൊണ്ടായിരിക്കാം താന്‍ ചെയ്യുന്നതെല്ലാം നിയമവിധേയവും ശരിയുമാണെന്നാണ് അവരുടെ ധാരണയെന്നും അഡ്വ. ജോണി പറയുന്നു.
നിയമം എന്താണെന്ന് പൗരന്മാര്ക്ക് അറിയാത്തതാണ് ഉദ്യോഗസ്ഥര്‍ ഇത്തരത്തില്‍ പെരുമാറാന്‍ കാരണമെന്നും അദേഹം പറഞ്ഞു.