തെരഞ്ഞെടുപ്പ് പ്രചരണം കാമറയിൽ പകർത്തിയ മാധ്യമപ്രവർത്തകന് തെലുങ്ക് താരം നന്ദമൂരി ബാലകൃഷ്ണയുടെ വധ ഭീഷണി. ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായ ചന്ദ്രബാബു നായിഡുവിന്റെ സഹോദരി ഭാർത്താവുകൂടിയായ ബാലകൃഷ്ണ ഹിന്ദുപ്പൂർ മണ്ഡലത്തിൽ സ്ഥാനാർഥിയാണ്.
ഇദ്ദേഹം തെരഞ്ഞെടുപ്പ് പ്രചരണം നടത്തുവാനെത്തിയപ്പോൾ രംഗങ്ങൾ പകർത്തുവാനെത്തിയ മാധ്യമപ്രവർത്തകനെ ഭീഷണിപ്പെടുത്തുകയായിരുന്നു. “എനിക്ക് ബോംബ് എറിയുവാനും കത്തി വീശാനും അറിയാം. കൊന്നു കളയും ഞാൻ’ എന്ന് ബാലകൃഷ്ണ വധഭീഷണി മുഴക്കി. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായതിനെ തുടർന്ന് ക്ഷമാപണവുമായി ബാലകൃഷ്ണ രംഗത്തെത്തി.
അവിടെയുണ്ടായിരുന്ന കുട്ടികളെ മാധ്യമപ്രവർത്തകൻ മർദ്ദിച്ചെന്നും അവരുടെ ചിത്രം പകർത്തിയെന്നും കരുതിയാണ് താൻ അങ്ങനെ പെരുമാറിയതെന്നും എന്റെ തെറ്റിന് എല്ലാ മാധ്യമപ്രവർത്തകരോട് മാപ്പ് പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ഹിന്ദുപ്പൂർ എംഎൽഎയാണ് നന്ദമൂരി ബാലകൃഷ്ണ.