ടി.ജി.ബൈജുനാഥ്
അങ്കമാലി ഡയറീസിനു ശേഷം ചെന്പൻ വിനോദ് പേനയെടുക്കുന്നു. ‘തമാശ’യ്ക്കു ശേഷം അഷറഫ് ഹംസ സ്റ്റാർട്ട് ആക്്ഷൻ കട്ട് പറയുന്നു. ഒരു വഴിപ്രശ്നം തലയിലെടുത്ത് ചാക്കോച്ചൻ ഭീമനാകുന്നു!
‘കാമറയുമായി ഓടുന്ന’ ഗീരീഷ് ഗംഗാധരൻ ഭീമനൊപ്പം ആ വഴിപ്രശ്നത്തിന്റെ പിന്നാലെ കൂടുന്നു. തമാശ ഫെയിം ചിന്നു ചാന്ദ്നിയും വിൻസി അലോഷ്യസും മേഘയും ചാക്കോച്ചന്റെ നായികമാരാകുന്നു. ചെന്പനൊപ്പം ആഷിക് അബുവും റിമ കല്ലിങ്കലും കൈകോർക്കുന്പോൾ ‘ഭീമന്റെ വഴി’ തെളിയുകയാണ്.
‘ ഈ സിനിമയിലെ ഭീമനു മഹാഭാരതത്തിലെ ഭീമനുമായി യാതൊരു ബന്ധവുമില്ല. സ്വഭാവവും അങ്ങനെയല്ല. അത്തരം യാതൊരു ഷെയ്ഡ്സും ഈ കഥാപാത്രത്തിന് ഇല്ല. എന്റെ കഥാപാത്രം സഞ്ജു മറ്റുള്ളവരെ ഭീമനെന്നാണു വിളിക്കുന്നത്. മറ്റുള്ളവർ തിരിച്ച് അയാളെ വിളിക്കുന്നതും ഭീമൻ എന്നു തന്നെയാണ്.
നമ്മൾ ചിലപ്പോൾ സഖാവെ എന്നു പരസ്പരം വിളിക്കുന്നതുപോലെ. ഒരു വഴിപ്രശ്നവുമായി ഭീമൻ നടക്കുന്നതുകൊണ്ടാണ് ഭീമന്റെ വഴി എന്നു ടൈറ്റിൽവരുന്നത്.’ – ഇതുവരെ ചെയ്തിട്ടില്ലാത്ത തരത്തിലുള്ള കഥാപാത്രമാകുന്നതിന്റെ ആവേശത്തിലാണു കുഞ്ചാക്കോ ബോബൻ.
ഡാർക് പോയി, ഫണ് വന്നു
അഷറഫ് ഹംസയും ചെന്പൻ വിനോദും ‘കട്ട ഡാർക്ക് സീരിയസ് ’കഥയുമായിട്ടാണു ചാക്കോച്ചനെ കാണാൻ ചെന്നത്. ചാക്കോച്ചൻ കുറച്ചു സീരിയസ് ജോണറിലുള്ള സിനിമകൾ ചെയ്തുകൊണ്ടിരുന്ന സമയമായിരുന്നു അത്. ‘കഥ നല്ലതാണ്.
പക്ഷേ, തുടർച്ചയായി ഡാർക്ക് തന്നെ ചെയ്താൽ ആളുകൾക്കു വിരസത ഫീൽ ചെയ്യും. നമുക്കിതു കുറച്ചു കഴിഞ്ഞു ചെയ്യാം’ എന്നു ചാക്കോച്ചൻ. അപ്പോൾ ചെന്പൻ വേറൊരു ത്രഡ് പറഞ്ഞു.
ചെന്പന്റെ നാട്ടിൽ തന്നെയുള്ള അദ്ദേഹത്തിനു പരിചിതമായ കാര്യങ്ങളും കഥാപാത്രങ്ങളും കഥാസാഹചര്യങ്ങളുമൊക്കെയുള്ള സിംപിളായ ഒരു സംഭവം. ചാക്കോച്ചന് അതു രസകരമായി തോന്നി. അതിൽ ഫണ് ഫീൽ ചെയ്തു. അങ്ങനെ
‘ഭീമന്റെ വഴി’യിൽ ലാൻഡ് ചെയ്തു.
‘ ചെന്പന്റെ തന്നെ ഒരു സുഹൃത്തും ചെന്പനും ഉൾപ്പെട്ടിട്ടുള്ള ജീവിതത്തിന്റെ ഒരു ഭാഗം ഇതിലുണ്ട്. അതിൽ നിന്നു ചെന്പൻ വികസിപ്പിച്ചെടുത്ത വ്യത്യസ്തമായ വേറെ ചില കഥാപാത്രങ്ങളും രസകരമായ സിറ്റ്വേഷനുകളും ഒരു പൊടി സറ്റയറുമൊക്കെ ഈ സിനിമയിലുണ്ട്.’- ചാക്കോച്ചൻ വ്യക്തമാക്കി.
ചുറ്റിക്കളികളുള്ള ഭീമൻ!
റിയൽ ലൈഫ് കാരക്ടറിൽ നിന്നും കഥയിൽ നിന്നും പ്രചോദനം നേടി ഉണ്ടായ സിനിമയാണെങ്കിലും ‘ഭീമന്റെ വഴി’ ഒരു ബയോ പിക് അല്ല. നമുക്കു പരിചിതമല്ലാത്ത ഒരു വ്യക്തിയുടെ കഥയും കഥാസാഹചര്യങ്ങളുമൊക്കെയാണു പറഞ്ഞുപോകുന്നത്.
അയാളുടെ തന്നെ മാനറിസം പിടിക്കുക, അപ്പിയറൻസ് പിടിക്കുക…അത്തരം ചലഞ്ച് ഇതിലില്ലായിരുന്നുവെന്ന് ചാക്കോച്ചൻ വ്യക്തമാക്കുന്നു. ‘ പക്ഷേ, എന്റെ കഥാപാത്രത്തിന്റെ ഷെയ്ഡ്സ് ഇത്തിരി ചലഞ്ചിംഗ് ആയിരുന്നു. അത്ര നീറ്റല്ല ഭീമൻ എന്ന സഞ്ജു. ചെറിയ കോഴിത്തരങ്ങളും ചുറ്റിക്കളികളുമൊക്കെയുണ്ട്.
പക്ഷേ,ഭയങ്കര ക്രൂരനുമല്ല. ലൈഫിനെ വളരെ ഈസിയായി കാണാൻ ശ്രമിക്കുന്ന വ്യക്തിയാണ്. എന്നാൽ, ഒരു വഴിപ്രശ്നം അദ്ദേഹത്തിന്റെ ലൈഫിൽ മാറ്റങ്ങളുണ്ടാക്കുന്നു. അതുവരെ സഞ്ചരിച്ച ജീവിതത്തിന്റെ വഴികളിൽ നിന്നു മറ്റൊരു വഴിയിലൂടെയുള്ള യാത്ര സംഭവിക്കുന്നു. അത് എങ്ങനെ എന്നാണു സിനിമപറയുന്നത്.’
‘തമാശ’യിൽ നിന്നു ഭീമന്റെ വഴിയിൽ
‘തമാശ’യിൽ നിന്നു ഭീമന്റെ വഴിയിലെത്തുന്പോൾ അഷറഫ് ഹംസ നർമത്തിനും ആക്ഷേപഹാസ്യ ത്തിനും കുറച്ചുകൂടി പ്രാധാന്യം നല്കുന്നതായി ചാക്കോച്ചൻ.
‘തമാശയിൽ സിനിമയോടും കഥയോടും കലർപ്പില്ലാത്ത ഒരു സമീപനം കാണാം. അദ്ദേഹവുമായി കാര്യങ്ങൾ സംസാരിക്കാനും കാര്യങ്ങൾ മനസിലാക്കാനും വർക്ക് ചെയ്യാനും വളരെ ഈസിയാണ്.
ഏറെ സുഖമുള്ള ഒരനുഭവമായിരുന്നു അത്. ഏറെ വ്യത്യസ്തമായ സിനിമകൾ ചെയ്യണമെന്ന് ആഗ്രഹമുള്ളഒരു സംവിധായകനാണ് അദ്ദേഹം.’ഡാർസൂസും കൊസ്തേപ്പുംരൂപത്തിലും സംസാരത്തിലും സ്വരത്തിലുമുള്ള കാഠിന്യവും ഗൗരവവും ചെന്പൻ വിനോദുമായി അടുത്തു പരിചയപ്പെടുന്പോൾ ഫീൽ ചെയ്യാറില്ലെന്നു ചാക്കോച്ചൻ
. ‘ ചെന്പൻ വളരെ കൂൾ കക്ഷിയാണ്. വേറൊരു ടൈപ്പ് ഹ്യൂമർ അദ്ദേഹത്തിനുണ്ട്. അദ്ദേഹത്തിന്റെ സിനിമകളിലെ കഥാപാത്രങ്ങളുടെ പേരുകൾ വളരെ രസകരമാണ്. എന്റെ കഥാപാത്രം ഭീമൻ. ജിനു ജോസഫിന്റെ കഥാപാത്രം കൊസ്തേപ്പ്. സുരാജ് വെഞ്ഞാറമൂടിന്റെ കഥാപാത്രം ഡാർസൂസ്.
ശബരീഷിന്റെ കഥാപാത്രം ബിക്കിനിക്കണ്ണ് രാജേന്ദ്രൻ. നസീർ സംക്രാന്തിയുടെ കഥാപാത്രം ഗുലാൻ പോൾ. കേൾക്കുന്പോൾ എയ്, കൊള്ളാല്ലോ എന്നു തോന്നുന്ന പേരുകളുള്ള കുറച്ചു കഥാപാത്രങ്ങൾ. സുരാജ് അടുത്തിടെ ചെയ്യുന്ന ഗൗരവമാർന്ന കഥാപാത്രങ്ങളിൽ നിന്നു വ്യത്യസ്തമായി രസകരമായ ഒരു സുരാജിനെ നമുക്ക് ഇതിൽ കാണാനാവും.’
ഈഗോയില്ലാതെ ചെന്പൻ
ഇതു മതി, ഇതു തന്നെയാണ് എനിക്കു വേണ്ടത് എന്ന മട്ടിലുള്ള കടുംപിടിത്തങ്ങളില്ലാത്ത കഥപറച്ചിലാണു ചെന്പന്റേതെന്നു ചാക്കോച്ചൻ പറയുന്നു.‘ ലൊക്കേഷനിലെത്തിയാൽ ചുറ്റുമുള്ള ആംബിയൻസ് ഒക്കെ നോക്കി സിനിമയ്ക്കു ഗുണപരമെങ്കിൽ മാറ്റങ്ങൾക്ക് അദ്ദേഹം ഓകെയാണ്.
ഈഗോ പ്രശ്നങ്ങളൊന്നുമില്ല. സിനിമയും സീനും കഥാപാത്രങ്ങളും നന്നാവണം. അതു ജനം ഇഷ്ടപ്പെടുന്ന സിനിമയാവണം എന്ന് ആഗ്രഹിക്കുന്ന കലാകാരനാണു ചെന്പൻ.
പ്രൊഡ്യൂസറെന്ന നിലയിലും നമുക്ക് എല്ലാ രീതിയിലുള്ള കംഫർട്ടും അദ്ദേഹം നല്കാറുണ്ട്. പ്രൊഡ്യൂസർ, റൈറ്റർ, നടൻ..എല്ലാ രീതിയിലും നമുക്കു സിങ്കാകുന്ന ഒരാളാണു ചെന്പൻ.’
ഓടാതെ ഗിരീഷ്!
കാമറാമാൻ ഗീരീഷ് ഗംഗാധരനൊപ്പം ആദ്യമായിട്ടാണ് ഒരു മുഴുനീള സിനിമയിൽ വർക്ക് ചെയ്യുന്നതെന്നു ചാക്കോച്ചൻ. ‘ ഇതിനുമുന്പ് പട എന്ന സിനിമയുടെ ഒരു ക്ലാഷ് വർക്ക് ഗിരീഷ് ചെയ്തിരുന്നു.
നമുക്കെല്ലാമറിയാവുന്നതുപോലെ ഏറ്റവും സ്പീഡിൽ ഓടി ഷൂട്ട് ചെയ്യുന്ന അല്ലെങ്കിൽ കൂടെ ഓടുന്ന ഒരു കാമറാമാനാണ് ഗീരീഷ്. ഭീമന്റെ വഴിയിൽ അങ്ങനെ സ്പീഡിൽ കൂടെ ഓടിനടന്നു ഷൂട്ട് ചെയ്യേണ്ട സീനുകളൊന്നുമില്ല.
പക്ഷേ, കഥയ്ക്ക് അനുയോജ്യമായ ഫ്രെയിമുകളും മൂവ്മെന്റ്സും സീനുകൾ മനസിലാക്കി അതിനനുസരിച്ചു ലൈറ്റിംഗും ചെയ്യുന്ന, ആർട്ടിസ്റ്റിക് ഫ്രീഡം തരുന്ന നമുക്കെല്ലാം വളരെ കൂൾ ആയി ജെൽ ചെയ്യാൻ പറ്റുന്ന ഒരു സിനിമാറ്റോഗ്രഫറാണ് ഗിരീഷ്. ’
അരവിന്ദ് സ്വാമിക്കൊപ്പം
തമിഴിൽ ചാക്കോച്ചന്റെ അരങ്ങേറ്റ ചിത്രമാവുകയാണ് റെൻഡകം. അരവിന്ദ് സ്വാമിക്കൊപ്പമാണ് ഓപ്പണിംഗ്. മലയാളത്തിൽ അത് ‘ഒറ്റ്’ എന്ന പേരിൽ റിലീസാവും. ഓഗസ്റ്റ് സിനിമാസിന്റെ പ്രൊഡ്യൂസർ ഷാജി നടേശനാണ് അതിനു നിമിത്തമായതെന്ന് ചാക്കോച്ചൻ പറയുന്നു.
‘ ഷാജിയും ഞാനുമായി ഗ്ർർർ… എന്ന സിനിമ ചെയ്യാനിരിക്കുകയായിരുന്നു; എസ്ര ചെയ്ത ജെയ്കെയുടെ സംവിധാനത്തിൽ. കോവിഡ് കാരണം അതു വൈകി. അതിനിടെ, തീവണ്ടി ഡയറക്ടർ ഫെല്ലിനിയുടെയും സ്ക്രിപ്റ്റ് റൈറ്റർ സജീവിന്റെയും പക്കലുള്ള ഒരു സ്ക്രിപ്റ്റിനെക്കുറിച്ചു ഷാജി പറഞ്ഞു;
ഞാൻ ഇതുവരെ ചെയ്യാത്ത തരത്തിലുള്ള ഒരു മൂവിയാണെന്നും. കഥ കേട്ടപ്പോൾ ത്രില്ലിംഗ് എന്റർടെയ്നറായി തോന്നി. അരവിന്ദ് സ്വാമി ഇതിൽ കമിറ്റ് ചെയ്ത കാര്യം അപ്പോഴാണ് എന്നോടു പറഞ്ഞത്. തൊണ്ണൂറുകളിലെ ഏറ്റവും വലിയ റൊമാന്റിക് ഹീറോ ഇമേജുള്ള ആക്ടർ;
ഒരു ഗ്യാപ്പിനു ശേഷം തിരിച്ചുവന്ന് വേറെ രീതിയിലുള്ള കഥാപാത്രങ്ങൾ ചെയ്ത് നമ്മളെ അതിശയിപ്പിക്കുന്ന ഒരാക്ടർ. ഞാൻ ഏറെ എഗ്സൈറ്റഡായി. പടം രണ്ടു ഭാഷകളിൽ എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടെന്നുകൂടി കേട്ടപ്പോൾ എഗ്സൈറ്റ്മെന്റ് കൂടി. കാരണം,
തമിഴിൽ നല്ല തുടക്കം കിട്ടണമെന്ന് ആഗ്രഹിച്ചിരുന്നു. അത്യാവശ്യം തമിഴ് വഴങ്ങുന്ന ഒരാളാണു ഞാൻ. എനിക്കു തന്നെ അതു ഡബ്ബ് ചെയ്യണമെന്നുമുണ്ട്.’
പുതുവഴിയും കുറേ സിനിമകളും
‘ മാറ്റങ്ങൾ അനിവാര്യമാണ്. ആ മാറ്റങ്ങൾക്കനുസരിച്ച് നമ്മളും മാറുക. മാറുന്ന സിനിമയുടെ കൂടെ സഞ്ചരിക്കുക. പുതിയ സിനിമകളും കഥകളും കഥാപാത്രങ്ങളും ആളുകൾക്കു വിനോദം പകരുന്ന രീതിയിൽ ചെയ്യാനുള്ള ആഗ്രഹത്തിന്റെയും ആവേശത്തിന്റെയും അദ്ധ്വാനത്തിന്റെയും ഭാഗമായിട്ടാണു ഭീമന്റെവഴിയിലേക്ക് എത്തിയതും.’- ചാക്കോച്ചൻ പറയുന്നു.
പട, അരവിന്ദ് സ്വാമിക്കൊപ്പമുള്ള റെൻഡകം,ജയസൂര്യയുമായി വീണ്ടും ഒന്നിക്കുന്ന എന്താടാസജി, സെന്ന ഹെഗ്ഡെ ഒരുക്കുന്ന പദ്മിനി, മഹേഷ് നാരായണന്റെ അറിയിപ്പ്…
സ്ക്രീൻ ജീവിതം 25 വർഷം പിന്നിടുന്ന 2022 അരികെ നിൽക്കുന്പോൾ മാറ്റത്തിന്റെ മുഖമുള്ള ഒരുപിടി സിനിമകൾക്കൊ പ്പമാണ് ചാക്കോച്ചൻ.
സ്റ്റിൽസ് – അർജുൻ കല്ലിങ്കൽ