ഭീമനടി(കാസർഗോഡ്): ഒടുവിൽ അവർ കണ്ണീരോടെ കടമുറികൾ ഒഴിഞ്ഞു. ഇന്നു രാവിലെ കടകളുടെ താക്കോൽ അധികൃതർക്ക് കൈമാറിയതോടെ അവർക്കെല്ലാം ജീവിതം വഴിമുട്ടി. ഹൈക്കോടതി വിധിയെ തുടർന്ന് കാസർഗോഡ് ഭീമനടി ടൗണിൽ വെസ്റ്റ്എളേരി പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ബസ് സ്റ്റാന്റ് ഷോപ്പിംഗ് കോപ്ലക്സിലെ കടമുറികൾ വർഷങ്ങളായി ഇവിടെ കച്ചവടംചെയ്തുവന്ന ചെറുകിട വ്യാപാരികൾക്ക് ഓണത്തലേന്ന് ഒഴിയേണ്ടി വന്നത്.
25 വർഷം പഴക്കമുള്ള കെട്ടിടമാണ് ഭീമനടിയിലെ പഞ്ചായത്ത് ഷോപ്പിംഗ് കോപ്ലക്സ് .യാതൊരു സൗകര്യങ്ങളുമില്ല. പൊതുമരാമത്ത് റോഡിലേക്ക് ഇറങ്ങി നിൽക്കുന്ന കെട്ടിടം, ഒരടി മാത്രം വീതയുള്ള ചെറിയ വരാന്ത.25 വർഷം മുൻപ് ലേലത്തിൽ പിടിച്ച് സെക്യൂരിറ്റിയും കെട്ടി ഇടയ്ക്കിടെ ഉണ്ടാകുന്ന വാടക വർദ്ധനയും നല്കി ഇവിടെ കച്ചവടം നടത്തി വരികയായിരുന്നു അവർ. 4 വർഷം മുൻപ് 5 % സെക്യൂരിറ്റി വർദ്ധിച്ചപ്പോഴും മടി കൂടാതെ അതും നൽകി.
2016-ൽ മുറികൾ പുനർ ലേലം ചെയ്യാൻ നോട്ടീസ് നല്കിയതിനെ തുടർന്നാണ് വ്യാപാരികളുടെ പ്രശ്നങ്ങൽ തുടങ്ങുന്നത്.അവർ ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകി . തൽസ്ഥിതി തുടരാൻ കോടതി നിർദേശം നൽകി .എന്നാൽ ഒന്നര മാസം മുൻപ് ഈ സ്റ്റേ പഞ്ചായത്ത് മറികടക്കുകയും ലേലം ചെയ്യാൻ കോടതിയുടെ അനുമതി ലഭിയ്ക്കുകയും ചെയ്തു .
ഇതേ തുടർന്ന് ഒരു മാസത്തിനുള്ളിൽ തന്നെ ലേല നടപടികൾ പൂർത്തിയാക്കി ലേലവും നടന്നു. ലേലത്തിന് മുൻപായി ഈ മുറികൾക്ക് വാടക ഭീമമായി വർധിപ്പിച്ചിരുന്നു. ഇത് ഇപ്പോൾ കച്ചവടം നടത്തുന്ന വ്യാപാരികൾക്ക് താങ്ങാൻ കഴിയുന്നതിനപ്പുറമാണെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.
വ്യാപാരികളെ സംരക്ഷിക്കാൻ ഭരണ സമിതി തീരുമാനമെടുത്ത് ഇക്കാര്യം കോടതിയെ അറിയിച്ചാൽ മാത്രം മതിയായിരുന്നു പ്രശ്നം അവിടെ തീർന്നേനെ എന്ന് വ്യാപാരികൾ പറയുന്നു. അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ ആരും വഴിയാധാരമാ കുമായിരുന്നില്ല. ഈ വ്യാപാരികളെ സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് മൂന്ന് തവണ പഞ്ചായത്ത് ഭരണ സമിതിക്കും സി.പി.എം പാർട്ടി ഘടകത്തിനും ഏകോപന സമിതി കത്ത് നൽകിയെങ്കിലും കാര്യമുണ്ടായില്ല. അങ്ങനെയാണ് ഒടുവിൽ അവർക്ക് കടകളുടെ പടികൾ ഇറങ്ങേണ്ടിവന്നത്.
എന്നാൽ കോടതിവിധി നടപ്പാക്കക മാത്രമാണ് തങ്ങൾ ചെയ്തത് എന്നാണ് പഞ്ചായത്ത് പ്രസിഡന്റ് പ്രസീത രാജൻ പറയുന്നത്. തങ്ങൾക്ക് അത് നടപ്പാക്കുകയേ വഴിയുണ്ടായിരുന്നുള്ളൂ എന്നും അവർ പറയുന്നു. ഇന്ന് കടകൾ ഒഴിഞ്ഞ് ജീവിത മാർഗ്ഗം നഷ്ടപ്പെട്ട 12 വ്യാപാരികളിൽ രണ്ടുപേർ പൂർണ്ണമായും കച്ചവടം നിർത്തി .മറ്റുള്ളവർ പല സ്ഥലങ്ങളിലായി മുറികൾ കണ്ടെത്തി വ്യാപാരം തുടരാനുള്ള പ്രയത്നത്തിലാണ്.