കോഴിക്കോട്: ‘സല്യൂട്ട്’ എന്ന ചിത്രം ഒടിടിയില്‍ റിലീസ് ചെയ്യുമെന്ന് അറിയിച്ചതിനു പിന്നാലെ ദുല്‍ഖര്‍ സല്‍മാനു വിലക്കേര്‍പ്പെടുത്തിയ തിയറ്റര്‍ ഉടമകളുടെ സംഘനയ്ക്കെതിരേ പ്രതിഷേധം.
കോവിഡ് കാലത്തു മിക്ക സിനിമകളും ഒടിടിയിലേക്കു പോയപ്പോള്‍ തിയറ്ററുകാര്‍ക്ക് അല്‍പ്പമെങ്കിലും ആശ്വാസമായതു ദുല്‍ഖര്‍ ചിത്രമായ കുറുപ്പായിരുന്നു.
മമ്മൂട്ടിയുടെ കൂടി ഇടപെടലിലൂടെയാണ് കുറുപ്പ് തിയറ്ററില്‍ എത്തിയത്. ഇതോടെ തിയറ്ററില്‍ പുത്തനുണര്‍വുണ്ടാകുകയും തുടര്‍ന്ന് മോഹന്‍ലാല്‍ ചിത്രം മരക്കാര്‍ ഉള്‍പ്പെടെ കൂടുതല്‍ ചിത്രങ്ങൾ തിയറ്ററിലേക്ക് എത്തുകയും ചെയ്തു.
കുറുപ്പ് എന്ന ചിത്രം തിയറ്ററില്‍ എത്തിക്കാനുള്ള തീരുമാനത്തില്‍ തിയറ്റര്‍ ഉടമകള്‍ ദുല്ഖറിനു നന്ദി അറിയിക്കുകയും ഫാന്‍സ് ഷോകള്‍ക്ക് ഉള്‍പ്പെടെ വലിയ സഹായം ചെയ്യുകയും ചെയ്തു.
എന്നാല്‍, അതേ തിയറ്റര്‍ സംഘടന തന്നെയാണ് ഇപ്പോള്‍ ദുല്‍ഖര്‍ ചിത്രം സല്യൂട്ട് ഒടിടിയിലേക്ക് പോയി എന്ന കാരണത്താല്‍ വിലക്കുമായി എത്തിയിരിക്കുന്നത്.
ധാരണകൾ ലംഘിച്ചു
ധാരണകളും വ്യവസ്ഥകളും ലംഘിച്ചാണ് സല്യൂട്ട് സിനിമ ഒടിടിക്കു നല്‍കിയതെന്ന് ഫിയോക് ആരോപിക്കുന്നു.
ജനുവരി 14ന് സല്യൂട്ട് തിയേറ്ററില്‍ റിലീസ് ചെയ്യുമെന്നു കരാര്‍ ഉണ്ടായിരുന്നു. പോസ്റ്ററും അടിച്ചിരുന്നു.
ഈ ധാരണ ലംഘിച്ചാണ് സിനിമ 18ന് ഒടിടിയില്‍ എത്തുന്നതെന്നും സംഘടന പറയുന്നു. ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മാണ കമ്പനിയായ വേ ഫെയറര്‍ ഫിലിംസാണ് സല്യൂട്ട് നിര്‍മിച്ചത്.
ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ ചിത്രമാണ് ‘സല്യൂട്ട്’. ചിത്രത്തിനു തിരക്കഥയൊരുക്കിയിരിക്കുന്നത് ബോബി – സഞ്ജയ് കൂട്ടുകെട്ടാണ്.
ഭീഷ്മപർവത്തെ രക്ഷിക്കാനോ?
മമ്മൂട്ടി ചിത്രം ഭീഷ്മപര്‍വം തിയറ്ററുകളില്‍ ഓടുന്ന പശ്ചാത്തലത്തില്‍ മകന് ദുല്‍ഖര്‍ ഒരു ബോക്സോഫീസ് യുദ്ധം ഒഴിവാക്കുകയായിരുന്നോ എന്ന ചോദ്യവും ചിലര്‍ ഉയര്‍ത്തുന്നുണ്ട്.
നിലവില്‍ ദുല്‍ഖര്‍ ചിത്രം റിലീസ് ചെയ്താല്‍ അത് ഭീഷ്മപര്‍വത്തിന്റെ കളക്ഷനെയും ബാധിക്കും. ആദ്യ വാരം തകര്‍പ്പന്‍ കളക്ഷനും ഇപ്പോള്‍ ശരാശരി കളക്ഷനുമായി മുന്നേറുകയാണ് മമ്മൂട്ടി ചിത്രം.
അതേസമയം, ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മാണ കമ്പനിയായ വേ ഫെയറര്‍ ഫിലിംസ് നിര്‍മിക്കുന്ന മമ്മൂട്ടി ചിത്രം പുഴുവും ഒടിടി റിലീസിനാണ് തയാറെടുക്കുന്നത്.