ഇ. അനീഷ്
കോഴിക്കോട്: തോല്‍വിക്കു പിന്നാ ലെ വോട്ടുചോര്ച്ചാവിവാദം ബിജെപിയെ പിടിച്ചുലയ്ക്കുന്നു.
30,000ല്‍ പരം വോട്ടുകളുള്ള 34 മണ്ഡലങ്ങളെ എ ക്ലാസ് മണ്ഡലങ്ങളായി പരിഗണിച്ചായിരുന്നു ബിജെപി തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആവിഷ്കരിച്ചിരുന്നത്.
തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇവയുടെ എണ്ണം 23ലേക്ക് ചുരുങ്ങി. മഞ്ചേശ്വരത്ത് മാത്രമാണ് പാർട്ടിക്ക് അറുപതിനായിരത്തില്‍ അധികം വോട്ടുകള്‍ നേടാനായത്.
ഇത്തരം ആറുമണ്ഡലങ്ങൾ ഉണ്ടെന്നായിരുന്നു ബിജെപി അവകാശപ്പെട്ടിരുന്നത്. അതേസമയം പതിനായിരത്തില്‍ താഴെ വോട്ടുകളുള്ള മണ്ഡലങ്ങളുടെ എണ്ണം കൂടുകയും ചെയ്തു.
കഴിഞ്ഞ വര്‍ഷം നടന്ന പാർട്ടിയുടെ മെഗാ മെമ്പര്‍ഷിപ്പ് കാന്പയിന് വഴിമാത്രം അഞ്ചുലക്ഷത്തോളം പേര് പുതുതായി അംഗത്വമെടുത്തെന്നായിരുന്നു നേതൃത്വം അവകാശപ്പെട്ടിരുന്നത്.
എന്നാല്‍ പുതിയ വോട്ടുകള്‍ കാണാനില്ലെന്നു മാത്രമല്ല പലയിടത്തും വോട്ടുകള്‍ കുറയുകയും ചെയ്തു.
ഇതിനെല്ലാം കാരണംതേടി ഉഴലുകയാണ് ബിജെപി നേതൃത്വം. യുഡിഎഫിനായി ബിജെപി വോട്ട് മറിച്ചെന്ന ഇടതുമുന്നണിയുടെ ആരോപണത്തെ യുക്തിഭദ്രമായി പ്രതിരോധിക്കാനും ബിജെപിക്കാവുന്നില്ല.
ഇതോടെ നേതൃത്വത്തിനെതിരേ കനത്ത പ്രതിഷേധമാണ് അണികളിൽനിന്നുയരുന്നത്. പ്രവര്‍ത്തകരെ വഞ്ചിക്കുന്ന നിലപാടാണ് സംസ്ഥാന നേതൃത്വം കൈക്കൊണ്ടതെന്നാണ് പാര്‍ട്ടി അണികള്‍ പറയുന്നത്.
കേരളത്തിലെ വോട്ടർമാർക്ക് പരിചിതമല്ലാത്ത രീതിയിൽ പ്രസിഡന്റ് ഒരേസമയം രണ്ടു മണ്ഡലങ്ങളിൽ മത്സരിച്ചതും ഹെലികോപ്റ്ററിൽ പ്രചാരണം നടത്തിയതും ഗുണത്തേക്കാളെറെ ദോഷകരമായാണ് ഭവിച്ചത് എന്ന വിലയിരുത്തലാണ് പാർട്ടിക്കുള്ളത്.
ഒരു മണ്ഡലത്തിൽ മാത്രം മത്സരിച്ചിരുന്നെങ്കിൽ വിജയിക്കുമായിരുന്നുവെന്ന് സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ഇന്നലെ വാർത്താസമ്മേളനത്തിൽ സമ്മതിക്കുകയും ചെയ്തു.
പാർട്ടിയെ പ്രതിനിധീകരിച്ച് ചാനലുകളിൽ ചർച്ചയ്ക്കെത്തുന്നവരുടെ നിലവാരമില്ലായ്മ, കേന്ദ്രമന്ത്രി വി. മുരളീധരൻ കേരളരാഷ്ട്രീയത്തിൽ ഇടപെട്ട രീതി, ശോഭാ സുരേന്ദ്രനെപ്പോലുള്ള നേതാക്കളെ പാർട്ടി അകത്തിനിർത്തിയത് തുടങ്ങി നിരവധികാരണങ്ങളാണ് പാർട്ടി പരിശോധിക്കുന്നത്.
മുൻ സംസ്ഥാന അധ്യക്ഷൻ സി.കെ. പത്മനാഭൻ, പി.പി. മുകുന്ദൻ എന്നിവരെപ്പോലുള്ള നേതാക്കളും ഇത്തരം വിമർശനത്തെ ശരിവയ്ക്കുന്നുണ്ട്.
കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ജനപ്രിയപദ്ധതികള്പോലും സാധാരണ ജനങ്ങളില്‍ എത്തിക്കാന്‍ ബിജെപിക്ക് കഴിഞ്ഞില്ലെന്ന വിമര്‍ശനം ശക്തമായി ഉയര്‍ന്നുകഴിഞ്ഞു.
നേതാക്കള്‍ അനാവശ്യ കാര്യങ്ങളില്‍ ഇടപെട്ടപ്പോള്‍ മോദിയുടെ ജനകീയ മുഖം അവതരിപ്പിക്കുന്നതില്‍ പാര്‍ട്ടി വക്താക്കള്‍ക്കു പിഴവുപറ്റിയെന്നും വിലയിരുത്തപ്പെടുന്നു.
ശക്തമായ തിരുത്തൽ നടപടികളുണ്ടായിട്ടില്ലെങ്കിൽ പാര്‍ട്ടിയില്‍നിന്നു വലിയ കൊഴിഞ്ഞുപോക്ക് ഉണ്ടാകുമെന്ന സൂചനയാണ് നേതൃത്വത്തിന് ലഭിക്കുന്നത്.
നേതൃത്വം പി.എസ്. ശ്രീധരൻപിള്ളയെ പോലുള്ളവരെ ഏൽപ്പിച്ച് പാർട്ടിക്ക് ജനകീയമുഖം കൈവരുത്തണമെന്ന ആവശ്യവും ഒരു വിഭാഗം ഉയർത്തുന്നുണ്ട്.