പ്രളയത്തിൽ മുങ്ങിയ കേരളം അതിജീവനത്തിനായി കിണഞ്ഞു പരിശ്രമിക്കുകയാണ്. ഒന്നായ് നിന്ന് ഒരുമയോടെ പുതിയൊരു കേരളം പടുത്തുയർത്തുവാൻ ശ്രമിക്കുമ്പോൾ കൈത്താങ്ങായി രാജ്യത്തിനകത്തു നിന്നും പുറത്തു നിന്നുമായി ആയിരക്കണക്കിനാളുകളാണ് സഹായഹസ്തവുമായി രംഗത്തെത്തുന്നത്.
കൊച്ചു കുട്ടികളും മുതിർന്നവരും ഉന്നത ഭരണാധികാരകളുമുൾപ്പടെ പ്രായഭേദമന്യേ സംസ്ഥാനത്തിന് സഹായമെത്തിക്കുവാൻ ആളുകൾ തയാറാകുമ്പോൾ അവരിൽ നിന്നെല്ലാം വ്യത്യസ്തനാകുകയാണ് തെരുവിൽ ഭിക്ഷയെടുക്കുന്ന പഴയൊരു ആനക്കാരനായ മോഹനൻ.
പൂഞ്ഞാർ കല്ലേക്കുളം സ്വദേശിയായ മോഹനൻ നാലുകിലോമീറ്റർ നടന്നാണ് ഈരാറ്റുപേട്ട മുൻ മുൻസിപ്പൽ ചെയർമാൻ ടി. എം. റഷീദിന്റെ വീട്ടിലെത്തി തന്റെ ഭാണ്ഡക്കെട്ടിലുള്ള ചെറിയൊരു തുക സംഭാവനയായി നൽകിയത്. മോഹനൻ വീട്ടിലെത്തിയപ്പോൾ ഭിക്ഷയ്ക്കുവേണ്ടിയായിരിക്കുമെന്നാണ് റഷീദ് കരുതിയത്.
അതുകൊണ്ട് അദ്ദേഹം മോഹനന് ഇരുപതു രൂപ നൽകുകയും ചെയ്തു. എന്നാൽ പണം സ്വീകരിക്കുവാൻ വിസമ്മതിച്ച മോഹനൻ തന്റെ ഭാണ്ഡക്കെട്ടിൽ നിന്നും ചില്ലറതുട്ടുകൾ റഷീദിനു നേർക്കു നീട്ടി.
തൊണ്ണൂറ്റിനാല് രൂപയുണ്ടായിരുന്നു അത്. പണം നൽകിയ മോഹനൻ പറഞ്ഞു. “ഇത് മുഖ്യമന്ത്രി സാറിന്റെ ദുരിതാശ്വാസഫണ്ടിലേക്കു നൽകണം. എനിക്ക് അറിയില്ല എങ്ങനെയാ നൽകേണ്ടത് എന്ന്. സാർ ചെയ്താൽ മതി’. ഇത്രെയും പറഞ്ഞതിനു ശേഷം മോഹനൻ അവിടെ നിന്നും ഇറങ്ങുകയായിരുന്നു.
എന്തു പറയണമെന്ന് അറിയാതെ റഷീദ് സ്തബ്ദിച്ചു നിൽക്കുമ്പോൾ മോഹനൻ നടന്നു നീങ്ങി. വർഷങ്ങൾക്കു മുമ്പ് ആന വട്ടകൊണ്ട് കാലിൽ അടിച്ചതോടെ ജോലി ചെയ്യാനാകാതെ ഭിക്ഷയെടുക്കുന്നയാളാണ് മോഹനൻ. കഷ്ടപ്പാടാണെങ്കിലും എന്നും പത്രം വായിക്കുന്ന ശീലമുള്ള മോഹനൻ അതുവഴിയാണ് കേരളത്തിന്റെ ദുരിതത്തെ കുറിച്ച് മനസിലാക്കിയത്.