യുപിയില് ഇക്കുറി കാറ്റ് മാറിവീശുമെന്ന സൂചനയുമായി ചന്ദ്രശേഖര് ആസാദ് നയിക്കുന്ന ദളിത് സംഘടന ഭീം ആദ്മി കോണ്ഗ്രസിനു പിന്തുണ പ്രഖ്യാപിച്ചു. ദളിത് വോട്ടില് കണ്ണു വെച്ചിരുന്ന ബിഎസ്പിയ്ക്കും അധ്യക്ഷ മായാവതിയ്ക്കും ഏറ്റ കനത്ത പ്രഹരമാണ് ഭീം ആര്മി നല്കിയിരിക്കുന്നത്. മായാവതിയെ പിന്തുണച്ചു കൊണ്ടിരുന്നവരുടെ അപ്രതീക്ഷിത പിന്മാറ്റം യുപിയില് കോണ്ഗ്രസിന്റെ കരുത്ത് വര്ധിപ്പിക്കുകയാണ്.
മഹാസഖ്യത്തില് നിന്ന് കോണ്ഗ്രസിനെ ഒഴിവാക്കാന് മുന്കൈയ്യെടുത്ത ആളാണ് മായാവതി. അമേഠിയിലും റായ്ബറേലിയിലും മഹാസഖ്യം സ്ഥാനാര്ഥികളെ നിര്ത്തിയില്ലെങ്കില് പോലും കോണ്ഗ്രസിനെ അട്ടിമറിക്കാനുള്ള രഹസ്യധാരണകള്ക്ക് ബിഎസ്പി ശ്രമിക്കുമെന്ന ആശങ്കയും നിലനില്ക്കുന്നുണ്ടായിരുന്നു. രാഹുല് ഗാന്ധി വയനാട്ടില് പത്രിക നല്കിയതും ഈ സാഹചര്യത്തിലാണ്.
എന്നാല് കോണ്ഗ്രസ് ജനറല് സെക്രട്ടറിയെന്ന നിലയില് പ്രിയങ്ക ഗാന്ധി പുറത്തെടുത്ത അടവുകള് ഫലം കണ്ടു. ഭീം ആര്മി പ്രിയങ്കയ്ക്കൊപ്പമെത്തി. ഇതോടെ ദളിത് വോട്ടുകള് കോണ്ഗ്രസിന് കിട്ടുന്ന സാഹചര്യമാണ് ഉരുത്തിരിയുന്നത്. യുപി രാഷ്ട്രീയത്തില് അതിനിര്ണ്ണായകമാണ് ഭീം ആര്മിയുടെ പിന്തുണ. ഭീം ആര്മിയുടെ നീക്കം ആദ്യഘട്ട വോട്ടെടുപ്പുനടക്കുന്ന പടിഞ്ഞാറന് യു.പി.യിലെ എട്ടുമണ്ഡലങ്ങളില് ബി.എസ്പി.യുടെ കണക്കുകൂട്ടലുകള് തെറ്റിക്കുമെന്ന് ഇതോടെ ഉറപ്പായി.
സഹാരന്പുരില് കോണ്ഗ്രസ് സ്ഥാനാര്ത്ഥി ഇമ്രാന് മസൂദിനെ പിന്തുണയ്ക്കുമെന്ന് ചൊവ്വാഴ്ചയാണ് ഭീം ആര്മി മേധാവി ചന്ദ്രശേഖര് ആസാദ് പ്രഖ്യാപിച്ചത്. മറ്റു മണ്ഡലങ്ങളുടെ കാര്യം വ്യക്തമാക്കിയിട്ടില്ല. കൈരാന, മുസാഫര്പുര്, ബിജ്നൗര്, മീററ്റ്, ബാഘ്പത്, ഗസ്സിയാബാദ്, ഗൗതം ബുദ്ധനഗര് എന്നിവയാണ് ആദ്യഘട്ടവോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങള്. ഇവിടേയും മനസ്സു കൊണ്ട് ഭീം ആര്മി കോണ്ഗ്രസിനൊപ്പമാണ്. ഇത് മായാവതിയെ ശരിക്കും വെട്ടിലാക്കിയിരിക്കുകയാണ്.
യുപിയില് നിന്ന് പരമാവധി സീറ്റുകള് പിടിക്കാനുറച്ച് രൂപീകരിച്ച മഹാസഖ്യത്തിനും കനത്ത തിരിച്ചടിയാണ് പുതിയ സംഭവ വികാസങ്ങള്. ഭീം ആര്മിയുടെ പിന്തുണ സംഘടനാ തലത്തില് ഉണര്വേകിയിരിക്കുകയാണ്. എല്ലാവരും എസ്പി-ബിഎസ്പി സഖ്യത്തിന് വോട്ടുചെയ്യണമെന്നും വോട്ടില് ഭിന്നതയുണ്ടാക്കരുതെന്നും ഞായറാഴ്ച മായാവതി സഹാരന്പുരിലെ മുസ്ലിങ്ങളോട് അഭ്യര്ത്ഥിച്ചിരുന്നു. റാലിയില് ഭീം ആര്മി പ്രവര്ത്തകര് ചന്ദ്രശേഖറിന്റെ ചിത്രങ്ങളുള്ള പ്ലക്കാര്ഡുകളുമായെത്തിയത് മായാവതിയെ അസ്വസ്ഥയാക്കുകയും അവര് രോഷംപ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പിന്തുണ പരസ്യമായി പ്രഖ്യാപിച്ചത്.
ദളിതിലെ ജാദവവിഭാഗത്തില്പ്പെടുന്നയാളാണ് ചന്ദ്രശേഖറെന്നതും മായാവതിക്ക് ഭീഷണിയാണ്. യുപിയില് വിട്ടു വീഴ്ചയ്ക്ക് കോണ്ഗ്രസ് തയ്യാറായിരുന്നു. പത്ത് സീറ്റുകളില് മത്സരിക്കുകയായിരുന്നു കോണ്ഗ്രസിന്റെ ലക്ഷ്യം. എന്നാല് രണ്ടില് കൂടുതല് കൊടുക്കാനാകില്ലെന്ന് മായാവതി നിലപാട് എടുത്തതോടെയാണ് കോണ്ഗ്രസ് മഹാസഖ്യത്തിനു പുറത്തായത്. ബിഎസ്പിക്കിപ്പോള് ഭീം ആര്മിയുടെ ശക്തി മനസ്സിലായെന്നാണ് പാര്ട്ടി അനുയായികളുടെ പക്ഷം.
15 മാസത്തോളം ജയിലില്ക്കഴിഞ്ഞപ്പോള് ചന്ദ്രശേഖറെ കാണാന് ഇടയ്ക്കിടെ ഇമ്രാന് മസൂദ് എത്തുമായിരുന്നു. അസുഖബാധിതനായപ്പോള് പ്രിയങ്കാഗാന്ധിയും യു.പി. കോണ്ഗ്രസ് അധ്യക്ഷന് രാജ് ബബ്ബറും സന്ദര്ശിച്ചു. ഇതൊക്കെയാണ് ചന്ദ്രശേഖറെ കോണ്ഗ്രസുമായി അടുപ്പിച്ചത്. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പില് ബിഎസ്പിക്ക് ഒരുസീറ്റില്പോലും ജയിക്കാനായിരുന്നില്ല. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പില് 86 സംവരണസീറ്റുകളില് 76 എണ്ണവും ബിജെപി.യാണ് നേടിയത്. ലോക്സഭാ തെരഞ്ഞെടുപ്പില് ദളിത് വോട്ടുകള് അടുപ്പിച്ച് തിരിച്ചു വരവിനാണ് ബിഎസ്പി ശ്രമിച്ചത്. ഇതിനാണ് പ്രിയങ്കയുടെ ഇടപെടല് തിരിച്ചടിയാകുന്നത്. തങ്ങളുടെ ശക്തിയായിരുന്ന ദളിത്-മുസ്ലിം വോട്ടുകള് തിരിച്ചു പിടിക്കാനുള്ള പ്രിയങ്കയുടെ ശ്രമത്തിന്റെ ആദ്യഘട്ടം വിജയം കണ്ടതിന്റെ ആത്മവിശ്വാസത്തിലാണ് കോണ്ഗ്രസ്.