തിരുവനന്തപുരം: ഭീമാ ജ്വല്ലറി ഉടമ ബി.ഗോവിന്ദന്റെ കവടിയാറിലെ വീട്ടിൽ കവർച്ച നടത്തിയ കേസിൽ മോഷ്ടാവിന്റെ രേഖാചിത്രം പോലീസ് ഇന്ന് പുറത്ത് വിടും. സിസിടിവി ദൃശ്യങ്ങളിൽ നിന്നു ലഭിച്ച രൂപ സാദൃശ്യം മനസിലാക്കിയാണ് രേഖാചിത്രം തയാറാക്കിയിരിക്കുന്നത്.
അന്യസംസ്ഥാന തൊഴിലാളിയാണ് മോഷണം നടത്തിയതെന്നാണ് പോലീസ് നിഗമനം. മോഷ്ടാവിന് സഹായി ഉണ്ടായിരിക്കുമെന്നും പോലീസ് സംശയിക്കുന്നു.ബുധനാഴ്ച പുലർച്ചെയാണ് ഗോവിന്ദന്റെ വീട്ടിൽ മോഷണം നടന്നത്. 2.50 ലക്ഷം രൂപയുടെ വജ്രാഭരണങ്ങളും 60,000 രൂപയും ബ്രേസ്ലെറ്റ്, മോതിരം, കമ്മൽ എന്നിവയും നഷ്ടപ്പെട്ടു.
വീട്ടുകാരും സുരക്ഷാ ജീവനക്കാരും അറിയാതെയാണ് മോഷ്ടാവ് അകത്ത് കടന്ന് കവർച്ച നടത്തിയതെന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നു ബോധ്യമായി.സുരക്ഷാമേഖലയായ രാജ്ഭവന് സമീപമാണ് ഭീമാ ഗോവിന്ദന്റെ വീട്. കൂറ്റൻ മതിലും സുരക്ഷാ ജീവനക്കാരും നായ്ക്കളും ഉള്ള വീട്ടിനകത്തേക്ക് മോഷ്ടാവ് എങ്ങനെ കടന്നുവെന്നതാണ് പോലീസിനെയും അത്ഭുതപ്പെടുത്തിയിരിക്കുന്നത്.
പോലീസ് നായയും വിരലടയാള വിദഗ്ധരും ഉൾപ്പെട്ട സംഘം സ്ഥലം സന്ദർശിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. വിവിധ ഏജൻസികൾ മുഖേന ഈ വീട്ടിൽ പുറം ജോലികൾക്ക് ജീവനക്കാർ എത്തിയിരുന്നു. ഇവരെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വീടും പരിസരവും ശരിക്കും അറിയാവുന്ന ആളാണ് മോഷ്ടാവ് എന്നാണ് പോലീസിന്റെ നിഗമനം. അടുത്ത കാലത്ത് ജയിലിൽ നിന്ന് പുറത്തിറങ്ങിയ പ്രഫഷണൽ മോഷണ സംഘങ്ങളെയും കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. കന്റോണ്മെന്റ് അസിസ്റ്റന്റ് കമ്മീഷണർ സദൻ, മ്യൂസിയം സിഐ. പ്രജീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.