തിരുവനന്തപുരം: കേരള തീരത്ത് ശനിയാഴ്ച മുതൽ ബുധനാഴ്ച വരെ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ്. അതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ് നൽകി. പടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം.
ശനിയാഴ്ച മുതൽ ഞായറാഴ്ച വരെ തെക്ക് പടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ മധ്യ, തെക്ക് പടിഞ്ഞാറ് അറബിക്കടലിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്. കടൽ പ്രക്ഷുബ്ധമോ അതിപ്രക്ഷുബ്ധമോ ആയേക്കും.
തിങ്കളാഴ്ച മുതൽ ബുധനാഴ്ച വരെ തെക്ക് പടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ മധ്യ പടിഞ്ഞാറ് , തെക്ക് പടിഞ്ഞാറ് അറബിക്കടലിൽ ശക്തമായ കാറ്റ് വീശും. ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെ പടിഞ്ഞാറ് ദിശയിൽ നിന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റ് വീശുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
ഞായറാഴ്ച രാത്രി 11:30 വരെ പൊഴിയൂർ മുതൽ കാസർഗോഡ് വരെയുള്ള കേരള തീരത്ത് 3.5 മുതൽ 3.8 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രം അറിയിച്ചു.