ശബരിമല: ചലച്ചിത്ര താരം ഭീമൻ രഘുവും കുടുംബവും ശബരീശസന്നിധിയിൽ ദർശനത്തിനായി എത്തി. വർഷങ്ങളായി ശബരീശ ദർശനത്തിനായി എത്താറുണ്ടെന്നും ഇത്തവണയും ഭഗവാനെ ദർശിക്കാനായതിൽ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭാര്യയോടും പേരക്കുട്ടിയോടും ഒപ്പമാണ് അദ്ദേഹം ശബരിമലയിൽ എത്തിയത്.
മകരവിളക്ക് തിരക്ക് നിയന്ത്രണത്തിനു കൂടുതൽ പോലീസ് എത്തും
ശബരിമല: മകരവിളക്കിനോടനുബന്ധിച്ചുള്ള തിരക്കൊഴിവാക്കാൻ ഭക്തജനങ്ങളുടെ പൂർണ സഹകരണം വേണമെന്ന് സന്നിധാനം പോലീസ് സ്പെഷൽ ഓഫീസർ എസ്.സുജിത് ദാസ് പറഞ്ഞു. പുതുതായിഎത്തുന്ന ഭക്തർക്ക് തൊഴാനുള്ള അവസരം ലഭിക്കുന്നതിനായി ദർശനം കഴിഞ്ഞ ഭക്തജനങ്ങൾ സന്നിധാനത്ത് തങ്ങാതെ തിരിച്ചിറങ്ങണം.
മകരവിളക്കിന് വലിയ ഭക്തജനത്തിരക്കാണ് പ്രതീക്ഷിക്കുന്നത്. തിരക്ക് നിയന്ത്രിക്കുവാൻ കഴിയുന്ന തരത്തിലുള്ള പോലീസ് വിന്യാസമാണ് സന്നിധാനത്തൊരുക്കിയിരിക്കുന്നത്. 1397 പോലീസുകാരെ സന്നിധാനത്ത് നിയോഗിച്ചിട്ടുണ്ട്. 13, 14, 15 തിയതികളിൽ കൂടുതൽ പോലീസ് സേവനവും ഏർപ്പെടുത്തും. മകരവിളക്ക് സുഗമമായി ദർശിക്കുവാൻ കഴിയുന്ന സ്ഥലങ്ങളായ പാണ്ടിത്താവളം, ശരംകുത്തി, യു ടേണ്, അന്നദാന മണ്ഡപം, ഉരക്കുഴി എന്നിവിടങ്ങളിൽ പോലീസ് സുരക്ഷ ശക്തമാക്കും.
പാണ്ടിത്താവളത്ത് അധിക പോലീസിനെ വിന്യസിച്ച് സുരക്ഷ ശക്തമാക്കും. ദർശനത്തിനു ശേഷം തിരിച്ചിറങ്ങുന്ന ഭക്തജനങ്ങളുടെ യാത്ര സുഗമമാക്കുന്നതിനും, അപകടങ്ങൾ ഒഴിവാക്കുന്നതിനുമായി ദേവസ്വം ബോർഡുമായി ചേർന്ന് മകരവിളക്കിന് മുന്പായി താത്കാലിക ബാരിക്കേഡുകൾ സ്ഥാപിക്കുന്നതോടൊപ്പം അപകടങ്ങൾ ഒഴിവാക്കാനുള്ള മുൻകരുതലെടുക്കുമെന്നും സ്പെഷൽ ഓഫീസർ പറഞ്ഞു.
കോട്ടാങ്ങൽ 28 പടയണിക്ക് ആറിന് ചൂട്ടുവയ്ക്കും
കോട്ടാങ്ങൽ: മഹാഭദ്രകാളി ക്ഷേത്രത്തിലെ 28 പടയണിക്കു ആറിനു ചൂട്ടുവയ്ക്കും. കുളത്തൂർ കരയിൽ താഴത്തു വീട്ടിൽ കൊട്ടാരത്തിൽ മൂത്തോമുറി കൃഷ്ണപിള്ളയും കോട്ടാങ്ങൽ കരയിൽ പുളിക്കൽ കൊട്ടാരത്തിൽ സുരേഷ് കുമാറുമാണ് ചൂട്ടുവയ്ക്കുന്നത്. 25നു ക്ഷേത്രത്തിൽ എട്ടു പടയണിക്കു ചൂട്ടുവയ്ക്കും. 31, ഫെബ്രുവരി ഒന്ന് തീയതികളിൽ വലിയ പടയണി. മകര ഭരണി നാളിൽ ഇരു കരക്കാരും പുലവൃത്തം തുള്ളി പിരിയുന്നത്തോടെ പടയണി സമംഗളം പര്യവസാനിക്കും .
പതിനെട്ടാംപടിയിൽ ഡ്യൂട്ടിക്ക് മൂന്ന് ടീമുകൾ
ശബരിമല: പതിനെട്ടാംപടി കയറുന്ന അയ്യപ്പഭക്തർക്ക് സുരക്ഷ നൽകിയും സഹായം ചെയ്തു ദർശനത്തിന് അയയ്ക്കുന്ന ചുമതലയും പോലീസിനാണ്. ഒരു മിനിട്ടിൽ 80 മുതൽ 85 വരെ ഭക്തരാണ് ഇരുമുടിക്കെട്ടേന്തി പതിനെട്ടാം പടി ചവിട്ടുന്നത്. ഇവരെ സുരക്ഷിതമായി തിരുമുറ്റത്തെത്തിക്കുന്ന ചുമതല പോലീസ് ഉദ്യോഗസ്ഥർക്കാണ്. 30 പേരടങ്ങുന്ന സംഘത്തിനാണ് പതിനെട്ടാം പടിയിലെത്തുന്ന ഭക്തജനങ്ങളുടെ സുരക്ഷാ ചുമതല.
10 പേരടങ്ങുന്ന മൂന്ന് ടീമുകളായാണ് ഇവർ ജോലി ചെയ്യുന്നത്. ഒരു ടീമിന് 20 മിനിറ്റു വീതമുള്ള ടേണുകളായാണ് ഇവരുടെ പ്രവർത്തനം ക്രമീകരിച്ചിരിക്കുന്നത്. കൈയ്യിൽ ലാത്തിയും തോക്കുമില്ലാതെ ’സ്വാമി’ എന്ന രണ്ടക്ഷര ’ആയുധം’ കൊണ്ട് മാത്രം അയ്യപ്പഭക്തരെ കൃത്യമായി നിയന്ത്രിച്ച് സദാ സേവനം ചെയ്യുകയാണ് ഇവർ. മകര വിളക്കിനോടനുബന്ധിച്ച് ഇനിയുള്ള ദിവസങ്ങളിൽ സന്നിധാനത്ത് തിരക്കേറുന്നതിന്നാൽ പോലീസ് അയ്യപ്പൻമാരും കൂടുതൽ ജാഗരൂകരാകും.
സന്നിധാനത്ത് പുകയില ഉത്പന്നങ്ങൾ വിറ്റയാൾ പിടിയിൽ
ശബരിമല: സന്നിധാനത്തും പരിസരത്തും പുകയില ഉത്പന്നങ്ങൾ വിറ്റയാളിനെ പോലീസ് പിടികൂടി. സന്നിധാനം പോലീസ് സ്റ്റേഷൻ പരിസരത്ത് നടത്തിയ റെയ്ഡിലാണ് കൊല്ലം സ്വദേശി ഷാജി(49) പിടിയിലായത്. സന്നിധാനം കൊപ്രാക്കളത്തിന് സമീപം തീർഥാടകർക്ക് നിരോധിത പുകയില ഉൽപന്നങ്ങൾ വിൽക്കുന്പോഴാണ് ഇയാളെ പിടികൂടിയതെന്ന് സന്നിധാനം സ്റ്റേഷൻ ഹൗസ് ഓഫീസർ ടി.സി. പ്രജീഷ് അറിയിച്ചു. സന്നിധാനത്ത് താത്കാലിക ജോലിക്കെത്തിയതാണ് ഇയാൾ. പോലീസ് ഉദ്യോഗസ്ഥരായ ജയചന്ദ്രൻ, കെ. സന്തോഷ്കുമാർ, വിഷ്ണു, വിജയൻ, അനീഷ്കുമാർ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.