ഷൊർണൂർ: ഭിന്നലിംഗക്കാർക്ക് ഷൊർണൂരിൽ സുരക്ഷിത താവളം ഒരുക്കും. പെട്ടെന്നുള്ള സാഹചര്യത്തിൽ അഭയസ്ഥാനമെന്ന നിലയ്ക്കാണ് താവളമൊരുക്കുന്നത്. ഒരേസമയം 25 പേർക്കുവരെ താമസിക്കാൻ സൗകര്യമുണ്ടാകും.ഭിന്നലിംഗക്കാർക്ക് സുരക്ഷിതതാവളം പദ്ധതിപ്രകാരമാണ് അഭയകേന്ദ്രം ഒരുക്കുന്നത്.
ഇപ്പോഴത്തെ സാഹചര്യത്തിൽ പലയിടങ്ങളിലും ഭിന്നലിംഗക്കാർ അകാരണമായി ആക്രമിക്കപ്പെടുന്ന സാഹചര്യമുണ്ട്. ഇതു കണക്കിലെടുത്ത് വീടുകളിൽ ഇവർക്കു സുരക്ഷയൊരുക്കുകയാണ് പദ്ധതിലക്ഷ്യം. വീടുകളിൽനിന്നും പുറത്താക്കപ്പെട്ടവരാണെങ്കിൽ സമൂഹവുമായും നിലവിലുള്ള സാഹചര്യവുമായും പൊരുത്തപ്പെടുംവരെ ഇവിടെ അഭയം ലഭിക്കും. ആദ്യഘട്ടത്തിൽ എറണാകുളത്തു മാത്രമാണ് ഇതു തുടങ്ങാൻ തീരുമാനമുണ്ടായിരുന്നത്.
ഭിന്നലിംഗക്കാരുടെ കൂടി അഭിപ്രായം പരിഗണിച്ചാണ് ഷൊർണൂരിൽ തന്നെ അഭയകേന്ദ്രം ഒരുക്കാൻ കാരണമായതെന്നാണ് സൂചന. സാമൂഹിക നീതിവകുപ്പാണ് ഇതിനു നടപടിയെടുത്തത്. വൃദ്ധമന്ദിരങ്ങളിലും ഹോസ്റ്റലുകളിലും ഹോട്ടലുകളിലും താമസക്കാരെ പ്രവേശിപ്പിക്കുന്ന തരത്തിലാകും ഭിന്നലിംഗക്കാരെയും താമസസ്ഥലത്ത് പ്രവേശിപ്പിക്കുക.
താമസക്കാർക്ക് ഭക്ഷണം, മരുന്ന്, വസ്ത്രം മുതലായവ നല്കും. ജില്ലയിൽ 44 ഭിന്നലിംഗക്കാരാണുള്ളത്. ഇവരെല്ലാം പലനിലയിൽ ചൂഷണത്തിനും പീഡനങ്ങൾക്കും ഇരകളാകുകയാണ്. രാജ്യത്തിന്റെ വിവിധയിടങ്ങളിലേക്ക് ട്രെയിനുകളുള്ളതാണ് ഇവർ ഷൊർണൂർ താവളമാക്കാൻ പ്രധാനകാരണം.