തൃശൂർ: നഗരത്തിലും പരിസരത്തും രാത്രി കാലങ്ങളിൽ ഭിന്നലിംഗക്കാർ കൂട്ടമായി നടത്തുന്ന അനാശാസ്യ പ്രവർത്തനങ്ങളും സംഘർഷങ്ങളും തടയാനാകാതെ പോലീസ് കുഴങ്ങുന്നു. മുന്പ് ഭിന്നലിംഗക്കാരുടെ ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ പോലീസ് കർശനമായ നടപടിയെടുത്തിരുന്നതിനാൽ രാത്രിയിൽ കൂട്ടം കൂടി വലിയ പ്രശ്നങ്ങൾ ഉണ്ടാക്കാതെ മറഞ്ഞു നിന്നിരുന്നു.
എന്നാൽ ഇപ്പോൾ ഭിന്നലിംഗക്കാർക്കെതിരെ എന്തെങ്കിലും നടപടിയെടുത്താൽ അതിനെതിരെ പോലീസുകാർക്കു തന്നെ പ്രശ്നങ്ങളുണ്ടാകുന്ന രീതിയിലാണ് നിയമങ്ങളിലൂടെ ചോദ്യം ചെയ്യപ്പെടുന്നത്. ഇതു മുതലെടുത്താണ് ഭിന്നലിംഗക്കാർ സന്ധ്യമയങ്ങിയാൽ നഗരത്തിലെ ചില കേന്ദ്രങ്ങളിൽ തന്പടിച്ച് അനാശാസ്യ പ്രവർത്തനങ്ങളും മറ്റും ബിസിനസുകളും നടത്തുന്നത്. ഇവർക്കിടയിൽ കഞ്ചാവും മറ്റു ലഹരി മരുന്നുകളും വിൽപന നടത്തുന്നവരും ഉണ്ടെന്ന് പോലീസ് വ്യക്തമാക്കി.
എന്നാൽ ഇവരെ പിടിച്ച് പോലീസ് സ്റ്റേഷനിൽ കൊണ്ടുപോയാൽ ഭിന്നലിംഗക്കാരുടെ അവകാശങ്ങൾക്കുവേണ്ടി വാദിക്കുന്നവർ രംഗത്തെത്തി രക്ഷപെടുത്തുകയാണ് ചെയ്യുന്നത്. ഇതിനാൽ കുറച്ചു നാളുകളായി പോലീസും ഇവരെ കൈകാര്യം ചെയ്യുന്നത് കുറഞ്ഞു.കെഎസ്ആർടിസി, ചെട്ടിയങ്ങാടി പരിസരങ്ങളിലൂടെ രാത്രി കാലങ്ങളിൽ ഒറ്റയ്ക്ക് പുരുഷൻമാർക്കു പോലും നടക്കാൻ പറ്റാത്ത സാഹചര്യമാണ്.
ഇരുട്ടിന്റെ മറവിൽ പിടിച്ചുപറി പോലും ഇത്തരക്കാർ നടത്താറുണ്ടെന്നാണ് പോലീസിന് കിട്ടിയിരിക്കുന്ന വിവരം. കൂടാതെ തർക്കങ്ങളും സംഘർഷവുമൊക്കെ രാത്രിയിൽ പതിവായി മാറി. സംഘം ചേർന്നാണ് ഇവർ ആക്രമണവും നടത്തുന്നത്. ഇവരുടെ മറവിൽ സാമൂഹ്യ വിരുദ്ധരും നഗരത്തിൽ എത്തിയിട്ടുണ്ട്. പിടിച്ചുപറിയും മോഷണവുമൊക്കെ ഇത്തരക്കാരുടെ ലക്ഷ്യമാണ്.
മാസങ്ങൾക്കു മുന്പ് നഗരത്തിൽ ആളൊഴിഞ്ഞ മാരാർ റോഡിലൂടെ നടന്നു പോയ ആളെ കൊള്ളയടിച്ച് മർദ്ദിച്ച സംഭവങ്ങളുണ്ടായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ ഇരുട്ടിന്റെ മറവിൽ ഇത്തരക്കാർ ഇരുന്നാണ് വരുന്നവരെ കടന്നു പിടിച്ച് ആക്രമണവും നടത്തുന്നതെന്ന് കണ്ടെത്തിയത്. പിന്നീട് രാത്രികാലങ്ങളിൽ പോലീസ് പട്രോളിംഗ് കർശനമാക്കുകയും ഇത്തരക്കാരായ ആരെയെങ്കിലും കണ്ടാൽ ചോദ്യം ചെയ്യുകയുമൊക്കെ ചെയ്തിരുന്നു. ഇപ്പോൾ അത്തരം നടപടികൾ കുറഞ്ഞതോടെ നഗരത്തിന്റെ പല ഭാഗങ്ങളിലും സാമൂഹ്യവിരുദ്ധർ തന്പടിക്കുന്നത് കൂടി വരികയാണ്.