മുക്കം: ഖത്തറില്‍ ബിസിനസ് സംബന്ധമായ കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പെറു സ്വദേശി ക്വട്ടേഷന്‍ സംഘവുമായെത്തി പ്രവാസി മലയാളിയുടെ വീട്ടില്‍ കയറി വധ ഭീഷണി മുഴക്കുകയും ഭാര്യയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി . കോഴിക്കോടു ജില്ലയിലെ കൊടിയത്തൂരിലാണു സംഭവം.
ഖത്തറില്‍ ബിസിനസുകാരനായ കൊടിയത്തൂര്‍ പാലക്കോട്ടുപറമ്പില്‍ ഹസിന്റെ ഭാര്യയെ പെറു രാജ്യക്കാരനായ ഡാനി പോള്‍ ആണ് സംഘവുമായെത്തി ഭീഷണിപ്പെടുത്തിയത്. ഖത്തറില്‍ ബിസിനസ് സംബന്ധമായി നടക്കുന്ന കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഇവര്‍ എത്തിയതെന്നും പരാതിക്കാര്‍ പറഞ്ഞു.
ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് ഡാനിയും സംഘവും വീട്ടില്‍ വന്നത്. ഭര്‍ത്താവിനൊപ്പം ഖത്തറിലുണ്ടായിരുന്ന തനിക്ക് ഇയാളെ അറിയാമെന്നും ഹസിന്റെ ഭാര്യ പറഞ്ഞു. ‘ഹസിനും വാപ്പയുമെല്ലാം പുറത്തു പോയ സമയത്തായിരുന്നു സംഘം വന്നത്. രണ്ടു വയസുള്ള കുട്ടിയും താനും മാത്രമേ വീട്ടിലുണ്ടായുള്ളൂ. കൂടെയുള്ളവര്‍ കാഴ്ചയില്‍ മലയാളികളാണ്. സെക്യൂരിറ്റിയെന്നു തോന്നിക്കുന്നയാള്‍ വാക്കി ടാക്കില്‍ സംസാരിക്കുന്നുമുണ്ടായിരുന്നു.
ഭര്‍ത്താവിനെ വിളിക്കാമെന്നു പറഞ്ഞപ്പോള്‍ എന്നോടാണ് സംസാരിക്കാനുള്ളതെന്നായിരുന്നു പറഞ്ഞത്. ഖത്തറിലെ കേസ് പിന്‍വലിക്കുന്നതാണ് നല്ലത്. അല്ലാത്തപക്ഷം കൊലപാതകം ഉള്‍പ്പെടെ നടക്കുമെന്നും ക്വട്ടേഷന്‍ കൊടുക്കുമെന്നും തങ്ങള്‍ എല്ലാ നിലക്കും സ്വാധീനമുള്ളവരാണെന്നും ഭീഷണിപ്പെടുത്തി. രണ്ടു വയസുള്ള കുട്ടിയുടെ വിവരങ്ങളെല്ലാം കൈവശമുണ്ടെന്ന് പറഞ്ഞ്,
കുട്ടിയുടെ ഫോട്ടോയും പാസ്പോര്‍ട്ട് കോപ്പിയും കാണിക്കുകയും ചെയ്തു. ഇതിനിടെ ഉറക്കമുണര്‍ന്നുവന്ന കുട്ടിയെയും തന്നെയും പിടികൂടാന്‍ ശ്രമിച്ചു. ഉറക്കെ ശബ്ദമുണ്ടാക്കിയപ്പോള്‍ പുറത്തു നിന്ന് ജോലിക്കാര്‍ ഓടിയെത്തി. സംഘം ഉടനെ സ്ഥലം വിടുകയായിരുന്നുവെന്നും ഇവര്‍ പറഞ്ഞു. ഏഴു മാസത്തോളമായി നടന്നു വരുന്ന കേസ് അനുകൂലമായി അടുത്തു തന്നെ വിധി വരാനിടയുണ്ട്.
ഇതു മുന്നില്‍ കണ്ടാകും വീട്ടില്‍ വന്ന് ഭാര്യയെയും കുട്ടിയെയും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതെന്നും ബിസിനസ് പാര്ട്ടറുടെ അടുത്തയാളാണ് സംഘവുമായെത്തിയ ഡാനിയെന്നും ഹസിന് പറഞ്ഞു.
കെ.എല്‍ .54 ജെ 2004 സുസുകി കാറിലാണ് സംഘം വന്നതെന്നു സൂചനയുണ്ട്. ഹസിന് അവധിക്കു വന്നതാണ്.
പരാതിയുടെ അടിസ്ഥാനത്തില്‍ മുക്കം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേ സമയം സംഭവം നടന്ന ഉടനെ പോലീസില്‍ നേരിട്ടു ചെന്ന് പരാതിപ്പെട്ടെങ്കിലും രാത്രി പത്തു മണിയോടെയാണ് മൊഴി രേഖപ്പെടുത്തിയതെന്നു പറയുന്നു.