അമ്പലപ്പുഴ: വായ്പത്തുക തിരിച്ചടച്ചിട്ടും സ്വകാര്യ ധനകാര്യ സ്ഥാപനം ഗ്രൂപ്പംഗങ്ങളെ നിയമനടപടികളുടെ പേരിൽ ഭീഷണിപ്പെടുത്തുന്നതായി പരാതി.
പുന്നപ്ര പോലീസ് സ്റ്റേഷന് മുന്നിൽ പ്രവർത്തിക്കുന്ന ആശീർവാദ് മൈക്രോ ഫിനാൻസ് സ്ഥാപനത്തിനെതിരെയാണ് ഗ്രൂപ്പംഗങ്ങളിൽ ചിലർ പരാതി നൽകിയത്.
സ്ത്രീകളുടെ പത്തുപേരടങ്ങുന്ന ഗ്രൂപ്പുകൾക്കാണ് 2016 ൽ 30000 രൂപ വീതം വായ്പ അനുവദിച്ചത്. കരാർ പ്രകാരം തവണ വ്യവസ്ഥയിൽ വായ്പ പൂർണമായും തിരിച്ചടച്ചു.
എന്നാൽ ഇതിനുശേഷം അംഗങ്ങളിൽപ്പെട്ടവർക്ക് വായ്പ കുടിശിഖയിൽ വീഴ്ച വരുത്തിയെന്ന് സൂചിപ്പിച്ച് സ്ഥാപനം നോട്ടീസ് നൽകി. തുടർന്ന് സ്ഥാപനവുമായി ബന്ധപ്പെട്ടപ്പോൾ കമ്പനിക്കുണ്ടായ വീഴ്ചയാണെന്നും അത് പരിഹരിക്കാമെന്നും ഉറപ്പ് നൽകിയിരുന്നു.
എന്നാൽ ഇതിന് ശേഷവും ഗ്രൂപ്പ് അംഗങ്ങളെ മൊബൈൽ ഫോണിൽ ജീവനക്കാർ ശല്യപ്പെടുത്തിയതായി പരാതിയിൽ പറയുന്നു. കഴിഞ്ഞ ദിവസം ഗ്രൂപ്പിൽപ്പെട്ട ചിലർ വീട് നിർമാണത്തിനും കച്ചവട ആവശ്യങ്ങൾക്കുമായി മറ്റ് ബാങ്കുകളെ ബന്ധപ്പെട്ടപ്പോളാണ് ഇവരെ സ്ഥാപനം വഞ്ചിച്ചതായ വിവരം അറിയുന്നത്.
മൈക്രോ ഫിനാൻസ് സ്ഥാപനത്തിലെ വായ്പ പൂർണമായും തിരിച്ചടച്ചിട്ടില്ലെന്നാണ് രേഖകളിൽ പറയുന്നത്. ഇക്കാരണത്താൽ മറ്റ് ധനകാര്യ സ്ഥാപനങ്ങൾ വായ്പ നിഷേധിച്ചു.
തുടർന്ന് സ്ഥാപനത്തിലെ മാനേജരെ വിവരം അറിയിച്ചപ്പോൾ ഭീഷണിപ്പെടുത്തുകയും തട്ടിക്കയറുകയും ചെയ്തതായി പറയുന്നു. പിന്നീടാണ് പുന്നപ്ര പോലീസിൽ പരാതി നൽകിയത്.
വായ്പത്തുക തിരിച്ചടച്ചിട്ടും നിയമനടപടികളുമായി മുന്നോട്ട് പോകുന്ന മൈക്രോ ഫിനാൻസ് സ്ഥാപനത്തിൻ്റെ തീരുമാനം ഒഴിവാക്കിത്തരണമെന്നും
ഭീഷണിപ്പെടുത്തുന്ന ജീവനക്കാർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് പരാതി. എന്നാൽ സ്ഥാപനത്തിനുണ്ടായ വീഴ്ചയാണെന്നും അത് പരിഹരിക്കാനുള്ള നടപടികൾ സ്വീകരിച്ചതായും മാനേജർ അനീഷ് പറഞ്ഞു.