പഴയന്നൂർ: ലൈഫ്മിഷൻ പദ്ധതിയിൽ വീട് അനുവദിച്ചിട്ട് തറ പണി കഴിഞ്ഞ് ഒന്നാം ഗഡുതുക ലഭിക്കാത്തതിനെ തുടർന്ന് ആത്മഹത്യാ ഭീഷണിയുമായി ഒരു കുടുംബം പഞ്ചായത്ത് ഓഫീസിന്റെ കവാടത്തിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു.
പഴയന്നൂർ തെക്കേത്തറ വയ്യാട്ട് വീട്ടിൽ സുകുമാരിക്കാണ് ലൈഫ്മിഷനിൽ വീട് അനുവദിച്ചത്. 18 കൊല്ലമായി വടകയ്ക്കാണ് ഈ കുടുംബം താമസിക്കുന്നത്. കൃഷി വകുപ്പിൽ നിന്നും വീട് പണിയാനുള്ള അനുമതി വയ്കുന്നതാണ് പ്രധാന കാരണമായി അധികൃതർ പറയുന്നത്.
മുപ്പത് കൊല്ലം പഴക്കമുള്ള തെങ്ങും കവുങ്ങുകളും ഉള്ള ഇവരുടെ പുരയിടം ബി.ടി.ആറിൽ നിലമായിട്ടാണ് കിടക്കുന്നത്.പഴയന്നൂരിൽ പ്രാദേശിക നിരീക്ഷണ സമിതിയിലുള്ള സി.പി.ഐ. ലോക്കൽ കമ്മിറ്റി സെക്രട്ടറി സുകുമാരനും പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി.ശ്രീജയനും തമ്മിലുള്ള പോരാണത്രേ പാവപ്പെട്ട കുടുംബങ്ങൾക്ക് വിലങ്ങ് തടിയായി ഇവിടെ നിലനിൽക്കുന്നത്.
പഴയന്നൂർ പോലീസിന്റെയും ബി.ജെ.പി.പ്രാദേശിക നേതാക്കളുടേയും ഇടപ്പെടലുകളെ തുടർന്ന് നടത്തിയ ചർച്ചയിൽ പ്രാദേശിക നിരീക്ഷണ സമിതി ഇന്ന് തന്നെ ചേർന്ന് അനുമതി നൽകാമെന്ന ഉറപ്പിലാണ് ഈ കുടുംബം സമരം അവസാനിപ്പിച്ചത്.