കുറിച്ചി: റോഡരികിലെ മാടക്കടയും സിഐടിയു പ്രവർത്തകർ സ്ഥാപിച്ച ഷെഡും മാറ്റണമെന്ന് ആവശ്യപ്പെട്ട വനിതകളായ പഞ്ചായത്ത് മെന്പറെയും സെക്രട്ടറിയെയും ഭീഷണിപ്പെടുത്തുകയും അസഭ്യം പറഞ്ഞതായും പരാതി. പഞ്ചായത്തിലെ പതിമൂന്നാം വാർഡംഗം കെ.എസ് അശ്വതി ഇതു സംബന്ധിച്ച് ചിങ്ങവനം പോലീസിൽ പരാതി നല്‍കിയിട്ടുണ്ട്.
ഇന്നലെ രാവിലെ ചാലച്ചിറയിൽ റോഡ് കോണ്‍ക്രീറ്റിംഗ് പണികൾക്കായി സ്ഥലം നോക്കുന്നതിനായി പഞ്ചായത്ത് സെക്രട്ടറിക്കൊപ്പം എത്തിയപ്പോഴാണ് സംഭവമുണ്ടായത്.
റോഡ് കോണ്‍ക്രീറ്റിംഗിന് തടസമായി നിന്ന മാടക്കടയും അനുബന്ധ ഷെഡും പൊളിച്ചു മാറ്റണമെന്ന് ഇവർ ആവശ്യപ്പെട്ടു. ഇതിനെ തുടർന്നാണ് അശ്വതിയെ അസഭ്യം പറയുകയും അപമാനിക്കുകയും ചെയ്തത്. സംഭവത്തിൽ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു.