കൊച്ചി: കൊച്ചി കപ്പല്‍ശാലയിലും നിര്‍മാണത്തിലിരിക്കുന്ന വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്തിലും ബോംബ് സ്ഫോടനം നടത്തുമെന്നു ഭീഷണി സന്ദേശം അയച്ചയാളെക്കുറിച്ച് അന്വേഷണസംഘത്തിനു നിര്‍ണായക വിവരം ലഭിച്ചതായി സൂചന.
സൈബര്‍ ഡോം, സൈബര്‍ സെല്‍ എന്നിവയുടെ സംയുക്ത അന്വേഷണത്തിലാണ് ഇയാളിലേക്കു വഴിതുറക്കുന്ന വിവരം ലഭിച്ചതെന്നാണു പുറത്തുവരുന്ന വിവരങ്ങള്‍. എന്നാല്‍, ഇതു സംബന്ധിച്ച സ്ഥിരീകരണം നല്കാന് അധികൃതര്‍ തയാറായിട്ടില്ല.
കൊച്ചി കപ്പല്‍ശാലയിലെ മുന്‍ ജീവനക്കാരനെയാണ് പോലീസ് സംശയിക്കുന്നതെന്നാണു സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.ദിവസങ്ങള്‍ക്കുമുമ്പാണു പോലീസ് ഇന്റലിജന്‍സിനും ഭീഷണി സന്ദേശം ലഭിച്ചത്. കഴിഞ്ഞ മാസം കപ്പല്‍ശാലയിലെ ഏതാനും ജീവനക്കാര്‍ക്കു ഭീഷണി സന്ദേശം ലഭിച്ചതോടെ സുരക്ഷ ശക്തമാക്കിയിരുന്നു.
കപ്പല്‍ശാലയും പരിസരപ്രദേശങ്ങളും സിഐഎസ്എഫിന്റെ കാവലിലാണ്. ഇതു കൂടുതല്‍ ശക്തമാക്കാനും പരിശോധനകള്‍ കര്‍ശനമാക്കാനും അധികൃതര്‍ നിര്‍ദേശം നല്‍കിയിരുന്നു.പരിശോധനകള്‍ തുടരുകയാണെന്നും നിലവില്‍ പ്രതിസന്ധികളൊന്നുമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
കപ്പല്‍ശാലയ്ക്കു പുറത്തെ സുരക്ഷ നേവി, കോസ്റ്റല്‍ പോലീസ്, കൊച്ചി സിറ്റി പോലീസ് എന്നിവരടങ്ങിയ പ്രത്യേകസംഘം ഏറ്റെടുത്തു. കായലില്‍ ബോട്ടിലും നിരീക്ഷണസംഘമുണ്ട്. സൈബര്‍ പോലീസടക്കം പ്രത്യേക സംഘമാണു കേസ് അന്വേഷിക്കുന്നത്.
ഭീഷണിസന്ദേശം ലഭിച്ച കപ്പല്‍ശാലയിലെ ഉന്നത ഉദ്യോഗസ്ഥരില്‍നിന്ന് സൗത്ത് പോലീസ് വിവരങ്ങള്‍ ആരായുകയും ചെയ്തിട്ടുണ്ട്. കപ്പല്‍ശാലയുമായി ബന്ധപ്പെട്ട വിവരങ്ങളടക്കം ഭീഷണി സന്ദേശത്തിലുള്ളതിനാല്‍ ജീവനക്കാരെ മുഴുവന്‍ ചോദ്യം ചെയ്തേക്കുമെന്നാണു സൂചനകള്‍.