തലശേരി: കേളകം അമ്പായത്തോട്ടിൽ യൂത്ത് കോൺഗ്രസ് നേതാവ് ആത്മഹത്യ ചെയ്ത കേസിൽ സാക്ഷി പറയാനെത്തിയവരെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ മൂന്ന് പേർക്കെതിരെ ടൗൺ പോലീസ് കേസെടുത്തു. തലശേരി ജില്ലാ കോടതി മുറ്റത്ത് ഇന്നലെ ഉച്ചക്കാണ് സംഭവം.
യൂത്ത് കോൺഗ്രസ് കൊട്ടിയൂർ മുൻ മണ്ഡലം പ്രസിഡന്റ് കല്ലുപുരക്കൽ ജയ്മോന്റെ പരാതി പ്രകാരം സിപിഎം പ്രവർത്തകരായ വരദൻ, സണ്ണി ,രാജേഷ് എന്നിവർക്കെതിരേയാണ് പോലീസ് കേസെടുത്തത്. ജയ്മോനെ തടഞ്ഞു വെച്ച സംഘം കൊന്നു കളയും എന്ന് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. യൂത്ത് കോൺഗ്രസ് അമ്പായത്തോട് ബൂത്ത് പ്രസിഡന്റായിരുന്ന ബാലൻ ആത്മഹത്യ ചെയ്ത കേസിന്റെ വിചാരണയാണ് ജില്ലാ സെഷൻസ് കോടതിയിൽ നടന്നു വരുന്നത്.
ബാലന്റെ മാതാവ് അമ്മിണിയെയാണ് ഇന്നലെ വിസ്തരിച്ചത്. 2011 മാർച്ച് 30 നാണ് ബാലനെ വീട്ടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. തലേദിവസം രാത്രി ഗർഭിണിയായ ഭാര്യയെ മാനന്തവാടി ഗവ.ആശുപത്രിയിൽ കാണിച്ച് തിരിച്ചു വീട്ടിലേക്ക് വരുന്ന വഴിയിൽ സി പി എം പ്രവർത്തകർ കോളനിക്കു മുന്നിൽ കെ.കെ. ശൈലജയുടെ തെരഞ്ഞെടുപ്പ് പ്രചാരണ ബോർഡ് സ്ഥാപിക്കുന്നത് കണ്ട് ബാലൻ അതിനെ എതിർക്കുകയും ബോർഡ് വയ്ക്കാൻ അനുവദിക്കില്ലെന്ന് പറയുകയും ചെയ്തു.
തുടർന്ന് വീട്ടിലേക്ക് പോയ ബാലൻ കത്തിയുമായി തിരിച്ചെത്തി. ബോർഡ് സ്ഥാപിച്ചു കൊണ്ടിരുന്ന സി പി എം പ്രവർത്തകർ ബാലനെ പിടിച്ച് വസ്ത്രം അഴിച്ചു മാറ്റി അടിവസത്രം മാത്രമുള്ള ബാലനെ തൂണിൽ കെട്ടിയിടുകയും ചെയ്തു.പോലീസ് എത്തിയ ശേഷമാണ് കെട്ടഴിച്ച് വിട്ടത്. പിറ്റേ ദിവസം രാവിലെയാണ് ബാലനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയതെന്നാണ് പ്രോസിക്യൂഷൻ കേസ്.
ബാലനെ അടിച്ചു കൊന്ന് കെട്ടി തൂക്കിയതെന്നായിരുന്നു ആദ്യമുയർന്ന ആരോപണം.എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരണം ആത്മമഹത്യയാണെന്ന് തെളിഞ്ഞതോടെ പ്രതികൾക്കെതിരെ ആത്മമഹത്യാ പ്രേരണ കുറ്റം ചുമത്തി പോലീസ് കേസെടുക്കുകയായിരുന്നു.
ബാലന്റെ ഭാര്യ, സഹോദരൻ, പഞ്ചായത്ത് പ്രസിഡന്റ് സാജു , തഹസിൽദാർ, വില്ലേജ് ഓഫീസർ തുടങ്ങി 15 സാക്ഷികളുടെ വിസ്താരം പൂർത്തിയായി. സി പി എം പ്രവർത്തകരായ ജോബിൻ ജോസഫ്, സുന്ദരൻ, രാജേഷ്, സണ്ണി, ബാബു, രാഹുൽ, തുടങ്ങി ഒമ്പത് സി പി എം പ്രവർത്തകരാണ് കേസിലെ പ്രതികൾ പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ബി.പി ശശീന്ദ്രനും പ്രതിഭാഗത്തിനു വേണ്ടി അഡ്വ.ജോൺ റാൾഫ് ,അഡ്വ.പി.എം സജിത എന്നിവരുമാണ് ഹാജരാകുന്നത്.