മാപ്രാണം: ഡിവൈഎഫ്ഐ നേതാവിന്റെ അമ്മയെ ജോലി ചെയ്യുന്ന പോസ്റ്റ് ഒാഫീസിൽ കയറിച്ചെന്നു കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയതായി പരാതി. മാടായിക്കോണം സ്വദേശിയും ഓട്ടോ ഡ്രൈവറുമായ അങ്കാരത്ത് ബൈജുവിനെതിരേയാണു പരാതി. സ്ത്രീകൾ മാത്രം ജോലിചെയ്യുന്ന മാടായിക്കോണം പോസ്റ്റ് ഒാഫീസിലാണു സംഭവം.
ഭാര്യയേയും 17 വയസായ മകളെയും ഉപദ്രവിച്ചതിനെത്തുടർന്നു ബൈജുവിനെതിരെ ഇരിങ്ങാലക്കുട സ്റ്റേഷനിൽ കേസ് നിലനിൽക്കുന്നുണ്ട്. ഏഴുമാസം മുന്പ് ബൈജുവിന്റെ മർദനത്തെത്തുടർന്നു മകൾ രാത്രിയിൽ പോലീസ് സ്റ്റേഷനിൽ അഭയം തേടിയിരുന്നു.
ഉപേക്ഷിക്കപ്പെട്ട നിലയിലായ അമ്മയെയും മകളെയും സിപിഎമ്മിന്റെ നേതൃത്വത്തിൽ ഏഴുമാസമായി സംരക്ഷിച്ചുവരികയും ഇവരുടെ തകർന്ന വീട് പുനർനിർമിച്ചു നൽകി മകളെ പഠിക്കാൻ ചേർക്കുകയും ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യമാണു ഭീഷണിക്കു പിന്നിലെന്നു പറയുന്നു. സംഭവത്തിൽ ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റിയോഗം പ്രതിഷേധിച്ചു. സംഭവത്തെക്കുറിച്ച് ഇരിങ്ങാലക്കുട സിഐക്കു പരാതി നൽകി.