കൊച്ചി: രാത്രിയിൽ ഓട്ടംവിളിച്ചുകൊണ്ടുപോയി ഓട്ടോറിക്ഷാ ഡ്രൈവറുടെ കഴുത്തിൽ കത്തിവച്ച് ഭീഷണിപ്പെടുത്തി പഴ്സും മൊബൈൽ ഫോണും കവർന്ന യുവാവിനെ മണിക്കൂറുകൾക്കകം പോലീസ് പിടികൂടി. ചീറ്റൂർ മദർതെരേസാ റോഡിൽ തൃക്കുന്നശേരി വീട്ടിൽ ഷാജിയുടെ മകൻ ശ്യാമിനെ (20) ആണ് നോർത്ത് പോലീസ് പിടികൂടിയത്. അർധരാത്രി പന്ത്രണ്ടരയോടെയായിരുന്നു സംഭവം. ഓട്ടോ ഡ്രൈവറായ പ്രശാന്താണ് യുവാവിന്റെ ആക്രമണത്തിന് ഇരയായത്.
സംഭവത്തിൽ പോലീസ് പറയുന്നത്: രാത്രിയിൽ സൗത്ത് പാലത്തിനു താഴേനിന്നും ഓട്ടോറിക്ഷയിൽ കയറിയ യുവാവ് നോർത്ത് റെയിൽവേ സ്റ്റേഷനിലേക്കു പോകാൻ ആവശ്യപ്പെട്ടു. ഓട്ടോറിക്ഷ നോർത്ത് പാലത്തിനു താഴെ എത്തിയപ്പോൾ പ്രതി ഡ്രൈവറുടെ കഴുത്തിൽ കത്തിവച്ച് പണവും മറ്റു വിലപിടിപ്പുള്ള സാധനങ്ങളും നൽകാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്നു പണമടങ്ങിയ പഴ്സും മൊബൈൽ ഫോണും കൈക്കലാക്കിയ പ്രതി ഓടി രക്ഷപ്പെട്ടു.
വിവരമറിഞ്ഞെത്തിയ നോർത്ത് പോലീസ് എസ്ഐ വിപിൻദാസും സംഘവുമാണു മണിക്കൂറുകൾക്കകം റെയിൽവേ ട്രാക്കിൽനിന്നും ഇയാളെ പിടികൂടിയത്. പ്രതിക്കെതിരെ സെൻട്രൽ, ചേരാനല്ലൂർ സ്റ്റേഷനുകളിൽ ഉൾപ്പെടെ നിരവധി കേസുള്ളതായി അധികൃതർ പറഞ്ഞു.