കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനു ഫേസ്ബുക്ക് ലൈവിലൂടെ വധഭീഷണി മുഴക്കിയ സംഭവത്തിൽ ഡൽഹിയിൽ പിടിയിലായ കോതമംഗലം സ്വദേശിയെ വിട്ടുകിട്ടണമെന്ന കൊച്ചി പോലീസിന്റെ ആവശ്യത്തിൽ നാളെ തീരുമാനമുണ്ടായേക്കും.
നാട്ടിലേക്കുള്ള യാത്രാമധ്യേ കോതമംഗലം സ്വദേശി കൃഷ്ണകുമാർ നായർ(48) ആണ് ശനിയാഴ്ച ഡൽഹി വിമാനത്താവളത്തിൽ പിടിയിലായത്. എയർപോർട്ട് അഥോറിട്ടി ജീവനക്കാർ തടഞ്ഞുവച്ചശേഷം ഡൽഹി പോലീസിനു കൈമാറിയ ഇയാളെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി തീഹാർ ജയിലിലേക്കു മാറ്റിയിരിക്കുകയാണ്.
പ്രതിയെ കൊച്ചിയിലെത്തിക്കുന്നതിനായി ഡൽഹിയിലെത്തിയ കൊച്ചിയിൽനിന്നുള്ള പോലീസ് സംഘം പട്യാല ഹൗസ് കോടതിയിൽ ഇന്നലെ പ്രൊഡക്ഷൻ വാറണ്ട് സമർപ്പിച്ചു.
ഇതിന്റെ അടിസ്ഥാനത്തിൽ നാളെ പ്രതിയെ ഹാജരാക്കാൻ ജയിൽ അധികൃതരോട് മജിസ്ട്രേറ്റ് നിർദേശിച്ചിട്ടുണ്ട്. കോടതിയുടെ തുടർ നടപടികൾക്കുശേഷം മാത്രമേ കൊച്ചിയിലേക്കുള്ള യാത്ര സംബന്ധിച്ച് തീരുമാനമാകൂ.