കോട്ടയം: തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയ്ക്കു വധഭീഷണി കത്ത് ലഭിച്ച സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. കണ്ണൂർ, കോഴിക്കോട് ജയിലുകളിൽ പോലീസ് അന്വേഷണം നടത്തുകയും വിവരങ്ങൾ ശേഖരിക്കുകയും ചെയ്തെങ്കിലും കാര്യമായ പുരോഗതിയില്ല.
കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നതു കോഴിക്കോട് നഗരപരിധിയ്ക്കു പുറത്തു നിന്നാണെന്ന നിഗമനത്തിലാണ് പോലീസ്. കോഴിക്കോട് നഗരപരിധിയിലെ പോസ്റ്റ് ഓഫീസുകളിലെ സീലുകളിൽ കാലിക്കറ്റ് എന്നും നഗര പരിധിയ്ക്കു പുറത്ത് കോഴിക്കോട് എന്നുമാണ് സീലുകളിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
തിരുവഞ്ചൂർ രാധാകൃഷ്ണനു ലഭിച്ച കത്തിൽ കോഴിക്കോട് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതാണ് നഗരപരിധിയ്ക്കു പുറത്ത് നിന്നാണ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നതെന്ന നിഗമനത്തിൽ എത്താൻ കാരണം.
പോലീസിന്റെ ആദ്യഘട്ട അന്വേഷണത്തിൽ ടി.പി. കേസിൽ ആർക്കും കത്തുമായി ബന്ധമുള്ളതായിട്ടുള്ള സൂചനകൾ ലഭിച്ചിട്ടില്ല.
കോട്ടയം വെസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്തു ഒരാഴ്ച കഴിഞ്ഞിട്ടും കാര്യമായ അന്വേഷണ പുരോഗതിയുണ്ടാകാത്തതു സംബന്ധിച്ചു പരാതി ഉയർന്നിരുന്നു.
ഓരോ വാക്കിലും അസഭ്യവും തെറിയും കലർത്തിയുള്ള കത്തിനു പിന്നിൽ ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്കോ അവരുടെ സംഘത്തിൽപ്പെട്ടവർക്കോ പങ്കുള്ളതായി സംശയിക്കുന്നതായി തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞിരുന്നു.
തിരുവഞ്ചൂർ രാധാകൃഷ്ണനും ഭാര്യയും മക്കളും പത്തുദിവസത്തിനുള്ളിൽ രാജ്യം വിട്ടില്ലെങ്കിൽ വകവരുത്തുമെന്നായിരുന്നു കത്തിലെ ഭീഷണി.