കൂത്തുപറമ്പ്: സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും മുൻ ജില്ലാ സെക്രട്ടറിയുമായ പി.ജയരാജന് കത്ത് മുഖേന വധഭീഷണിയുണ്ടായ സംഭവത്തിൽ കോടതിയുടെ അനുമതിയോടെ പോലീസ് കേസെടുക്കും. ഇന്ന് ഇതിനായി പോലീസ് തലശേരി അഡീഷനൽ ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് നൽകും.
ഇന്നലെയാണ് സിപിഎം കൂത്തുപറമ്പ് ഏരിയാ കമ്മിറ്റി ഓഫീസിൽ വധഭീഷണി കത്ത് ലഭിച്ചത്. ഇതേതുടർന്ന് പി.ജയരാജന്റെ സുരക്ഷാ ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥൻ കത്ത് കതിരൂർ പൊലീസിന് കൈമാറുകയായിരുന്നു.
കണ്ണൂർ കക്കാട് സ്വദേശിയായ ഒരാളുടെ പേരും ഒപ്പും മേൽവിലാസവും സഹിതമുള്ളതാണ് കത്ത്. ഇയാളെ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ പേരിൽ മറ്റാരോ ചെയ്തതാണ് ഈ സംഭവമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
പല രാഷ്ട്രീയ അക്രമങ്ങൾക്കും കൊലപാതകങ്ങൾക്കും പിന്നിൽ ജയരാജനാണെന്നും എന്നിട്ടും ഇപ്പോഴും നിയമ നടപടികളിൽ നിന്നും ശിക്ഷയിൽ നിന്നും രക്ഷപ്പെടുകയാണെന്നുമാണ് കത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.