ചാവക്കാട്: പണയത്തിലിരിക്കുന്ന സ്വർണാഭരണം എടുത്തുകൊടുക്കാനെത്തിയ ജ്വല്ലറി ഉടമയെ കത്തികാണിച്ച് പണവും സ്വർണവും തട്ടിയെടുത്ത സംഭവത്തിൽ പോലീസ് അന്വേഷണം ഉൗർജിതമാക്കി. ആലപ്പുഴ ചേർത്തല ഏഴുപുന്നയിൽ ഐശ്വര്യ ജ്വല്ലറി ഉടമ പ്രേംജി (54), സഹായി ബാബു, കാർ ഡ്രൈവർ ബിബിൻ എന്നിവരെ കത്തി കാണിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് നാലു ലക്ഷം രൂപയും 1.78 ലക്ഷം രൂപയുടെ സ്വർണാഭരണവും ഇവരുടെ മൊബൈൽ ഫോണും അഞ്ചംഗസംഘം തട്ടിയെടുത്തത്.
ഇന്നലെ വൈകീട്ട് ആറരയോടെ ചക്കംകണ്ടത്ത് ആളൊഴിഞ്ഞസ്ഥലത്തുവച്ചാണ് ആക്രമണം. പണയംവച്ച പണ്ടം തിരിച്ചെടുക്കാൻ സഹായിക്കുമെന്ന് കാണിച്ച് പ്രേംജി പരസ്യം നല്കിയിരുന്നു. ഈ പരസ്യത്തിൽ ഫോണ് വിളിച്ച് ആളെ കാണുന്നതിനായി ചാവക്കാടെത്തിയ പ്രേംജിയെയും സംഘത്തെയുമാണ് അക്രമികൾ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തത്.
അന്വേഷണത്തിന്റെ ഭാഗമായി സ്റ്റേഷനിൽ സൂക്ഷിച്ചിട്ടുള്ള ക്രിമിനലുകളുടെ പടം പ്രേംജിക്ക് കാണിച്ചുകൊടുത്തുവെങ്കിലും തിരിച്ചറിയാൻ കഴിഞ്ഞില്ല. എന്നാൽ ഫോട്ടോയിലെ രണ്ടുപേരെകുറിച്ച് പോലീസിന് സംശയമുണ്ട്. സംഘമെത്തിയ കാറിനെകുറിച്ചും പോലീസിന് വിവരം ലഭിച്ചു.
പ്രേംജിയെ വിളിച്ച ഫോണ് നന്പറും പോലീസ് പരിശോധിക്കുന്നുണ്ട്. പ്രതികളെ പിടികൂടാൻ കഴിയുമെന്നാണ് പോലീസിന്റെ വിശ്വാസം. സ്റ്റേഷൻ ഓഫീസർ കെ.ജി.സുരേഷ്കുമാർ, എസ്ഐ കെ.ലാൽകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.