കൊല്ലം: വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച സജീവനെ 52 മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിൽ പോലീസ് പിടികൂടി. ചിതറയിലെ നാട്ടുകാരും പോലീസും ചേർന്നാണ് സജീവനെ കീഴ്പ്പെടുത്തിയത്. ഇയാൾക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായും പോലീസ് അറിയിച്ചു.
വ്യാഴാഴ്ച മുതലാണ് സജീവൻ വടിവാൾ വീശി വളർത്തുനായ്ക്കൾക്കൊപ്പം ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. പിന്നീട് നായകളെ അഴിച്ചുവിട്ട് സജീവൻ ഗേറ്റ് പൂട്ടി വീടിനകത്ത് ഇരിക്കുകയായിരുന്നു.
അമ്മയും ഇയാൾക്കൊപ്പമുണ്ടായിരുന്നു. സജീവൻ പുറത്തിറങ്ങിയാൽ പിടികൂടാൻ മഫ്തി പോലീസിനെ സജ്ജരാക്കിയിരുന്നു. എന്നാൽ സജീവൻ പുറത്തിറങ്ങിയില്ല.
ശനിയാഴ്ച രാവിലെ നാട്ടുകാരുടെ പ്രതിഷേധവും ശക്തമായതിന് പിന്നാലെ സജീവനെ എത്രയും വേഗം പിടികൂടാനുള്ള നീക്കത്തിലേക്ക് പോലീസ് കടക്കുകയായിരുന്നു. ഉച്ചകഴിഞ്ഞ് വീടിനകത്തേക്ക് ഇരച്ചുകയറിയ പോലീസ് സജീവനെ കത്രികപൂട്ടിടുകയായിരുന്നു.
പ്രദേശവാസിയായ സുപ്രഭയുടെ വീട് സ്വന്തമാണെന്ന് പറഞ്ഞായിരുന്നു ഇയാൾ വ്യാഴാഴ്ച ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. സുപ്രഭയുടെ പരാതിയിൽ പ്രതിക്കെതിരെ പോലീസ് കേസെടുത്തിരുന്നു. വെള്ളിയാഴ്ച പോലീസ് എത്തിയെങ്കിലും നായ ഉള്ളതിനാല്‍ പോലീസിന് ഇയാളെ കീഴ്പ്പെടുത്താൻ കഴിഞ്ഞില്ല.
പിന്നാലെ റോട്വീലർ ഇനത്തിൽപ്പെട്ട നായയെ ഉദ്യാഗസ്ഥർ മതിൽക്കെട്ടിന് പുറത്തേക്കു മാറ്റി. ഇതിനു പിന്നാലെയാണ് വീട് പൂട്ടി വടിവാളുമായി സജീവൻ വീടിനുള്ളിൽ കഴിഞ്ഞത്.
പോലീസ് എത്തിയാൽ സ്വയം ജീവനൊടുക്കുമെന്നും അമ്മയെ കൊലപ്പെടുത്തുമെന്നും സജീവൻ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു.