യുവതിടെ നഗ്നചിത്രം കൈയിലുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പണം കവർന്ന ഗുണ്ടാ തലവൻ അറസ്റ്റിൽ. മുസാഫർനഗറിലെ പീപൽ ഖേര ഗ്രാമവാസിയായ പരുൾ കുമാർ(34) ആണ് അറസ്റ്റിലായത്. നഗ്നചിത്രം കാട്ടി ഭീഷണിപ്പെടുത്തി ഇയാൾ ഒരു യുവതിയിൽ നിന്നും അഞ്ച് ലക്ഷം രൂപ കവർന്നിരുന്നു.
എന്നാൽ കൂടുതൽ പണം ആവശ്യപ്പെട്ട് ഭീഷണി തുടർന്നതിന് പിന്നാലെ ജീവനൊടുക്കാൻ ശ്രമിച്ച യുവതി തലനാരിഴയ്ക്കാണ് രക്ഷപെട്ടത്.
കൊലപാതക ശ്രമം, തട്ടിക്കൊണ്ടുപോകൽ, ഭീഷണിപ്പെടുത്തൽ തുടങ്ങി പത്തോളം കേസുകളിലെ പ്രതിയാണ് പരുൾ കുമാർ. പിടിയിലാകുന്ന സമയത്ത് ഇയാളുടെ പക്കൽ നിന്ന് ഒരു പിസ്റ്റൾ, ഒരു കത്തി, രണ്ട് വെടിയുണ്ടകൾ എന്നിവ കണ്ടെടുത്തു.
സെപ്റ്റംബർ 15നാണ് യുവതി ജീവനൊടുക്കാൻ ശ്രമിച്ചത്. തുടർന്ന് സെപ്തംബർ 22ന് ഇയാൾക്കെതിരെ യുവതിയുടെ ഭർത്താവ് പോലീസിൽ പരാതി നൽകി.
തന്റെ കൈയിൽ ഭാര്യയുടെ സ്വകാര്യ ചിത്രങ്ങളുണ്ടെന്നും പണം നൽകിയില്ലെങ്കിൽ ഇവ പരസ്യപ്പെടുത്തുമെന്നും പറഞ്ഞ് പരുൾ കുമാർ ആയുധവുമായി വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് യുവതിയുടെ ഭർത്താവ് പരാതിയിൽ പറയുന്നു.
“എന്റെ ഭാര്യ അയാൾക്ക് പണം നൽകി, പക്ഷേ അവൻ കൂടുതൽ ആവശ്യപ്പെടുകയും എന്റെ ഭാര്യയെ ശല്യപ്പെടുത്തുകയും ചെയ്തു. ഇതിൽ മനംനൊന്ത് അവൾ ആത്മഹത്യക്ക് ശ്രമിച്ചു’. ഭർത്താവ് കൂട്ടിച്ചേർത്തു.
പരുൾ കുമാറിനെ ചോദ്യം ചെയ്തുവരികയാണെന്നും ഇയാൾക്കെതിരെ വ്യക്തമായ തെളിവുകളുണ്ടെന്നും പോലീസ് അറിയിച്ചു.