ആലക്കോട്: ആലക്കോട് പഞ്ചായത്തിൽ ജലനിധി പദ്ധതിക്ക് സ്ഥലം വിട്ടുനിൽകിയതിന്റെ പണം നൽകാത്തതിൽ പ്രതിഷേധിച്ച് മൊബൈൽ ടവറിന്റെ മുകളിൽ കയറി മധ്യവയസ്കന്റെ ആത്മഹത്യാ ഭീഷണി. ഒറ്റത്തൈ സ്വദേശി ബിജു തെങ്ങുംപള്ളി (58) യാണ് ആലക്കോട് ടൗണിലെ സ്വകാര്യ കന്പനിയുടെ മൊബൈൽ ടവറിൽ കയറി ഭീഷണിമുഴക്കിയത്. രാവിലെ 10 ഓടെ കൈയിൽ പെട്രോളുമായി 200 അടിയോളം ഉയരത്തിലുള്ള ടവറിൽ കയറി ഇരിക്കുകയായിരുന്നു.
ജലനിധിയുടെ ടാങ്ക് സ്ഥാപിക്കുന്നതിനായി വർഷങ്ങൾക്കു മുന്പ് ഇയാൾ സ്ഥലം വിട്ടുനൽകിയിരുന്നു. 10,000 രൂപയ്ക്കാണ് സ്ഥലം വിട്ടുനിൽകിയത്. എന്നാൽ, ഇതേവരെ പണം ലഭിച്ചിട്ടില്ല. സ്ഥലത്തെത്തിയ പോലീസും നാട്ടുകാരും ചേർന്ന് ഏറെ അനുനയിപ്പിച്ചാണ് 11 മണിയോടെ ഇയാളെ താഴെയിറക്കുകയായിരുന്നു. തുടർന്ന് പഞ്ചായത്ത് ഓഫീസിലെത്തിച്ച ഇയാളുമായി പ്രസിഡന്റിന്റെ സാന്നിധ്യത്തിൽ ചർച്ചനടത്തി.