ലക്നോ: വിമർശനം ഉന്നയിച്ച കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ ഭീഷണിപ്പെടുത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സന്യാസിയുടെ പ്രവർത്തനങ്ങളെ തടയാൻ ശ്രമിച്ചാൽ ആരായാലും ശിക്ഷക്കപ്പെടുമെന്ന് യോഗി മുന്നറിയിപ്പ് നൽകി. ട്വിറ്ററിലൂടെയായിരുന്നു യുപിയിലെ ബിജെപി മുഖ്യമന്ത്രിയുടെ ഭീഷണി.
പൊതുസമൂഹത്തിന്റെ ക്ഷേമത്തിനായുള്ള സന്യാസിയുടെ പരിശ്രമങ്ങളെ തടസപ്പെടുത്തുന്നവർ ആരായാലും ശിക്ഷിക്കപ്പെടുമെന്ന് യോഗി ട്വീറ്റ് ചെയ്തു. രാഷ്ട്രീയം പാരമ്പര്യ അവകാശമായി സ്വീകരിച്ച് പ്രീണന രാഷ്ട്രീയം പ്രയോഗിക്കുന്നവർക്ക് സേവനത്തിന്റെ ആശയം മനസിലാവില്ല. പൊതുസമൂഹത്തിന്റെ ക്ഷേമത്തിനായുള്ള സന്യാസിയുടെ പരിശ്രമങ്ങളെ തടസപ്പെടുത്തുന്നവർ ആരായാലും ശിക്ഷിക്കപ്പെടും- യോഗി ട്വിറ്ററിൽ പറഞ്ഞു.
യോഗി ആദിത്യനാഥിനു കാവിവസ്ത്രം ചേരില്ലെന്ന പ്രിയങ്കയുടെ പ്രസ്താവനയാണ് യുപി മുഖ്യനെ ചൊടിപ്പിച്ചത്. യോഗി ധരിച്ചിരിക്കുന്ന വസ്ത്രത്തിലെ നിറം ഹിന്ദുധർമത്തിന്റെ പ്രതീകമാണ്. കാവി ധരിച്ചുകൊണ്ട് അക്രമത്തിനും ഹിംസയ്ക്കും നേതൃത്വം നൽകരുത്. ഇന്ത്യയുടെ ധാർമികമൂല്യങ്ങളുടെ പ്രതീകമാണു കാവിവസ്ത്രമെന്ന് അക്രമങ്ങൾക്കു നേതൃത്വം നൽകുന്ന യോഗി ആദിത്യനാഥ് ഓർക്കണമെന്നുമായിരുന്നു പ്രിയങ്കയുടെ പ്രസ്താവന.
യുപിയിൽ സംസ്ഥാന സർക്കാരും പോലീസും അരാജകത്വം നടപ്പാക്കുകയാണ്. പ്രതിഷേധക്കാർക്കെതിരായ പോലീസ് നടപടി ഉടൻ നിർത്തിവയ്ക്കണമെന്നും കേസുകളുടെ നിജസ്ഥിതി ഹൈക്കോടതി ജഡ്ജി അന്വേഷിക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു. പൗരത്വ നിയമത്തിനെതിരേ പ്രതിഷേധിച്ചതിന് അറസ്റ്റിലായ മുൻ ഐപിഎസ് ഓഫീസർ എസ്.ആർ. ദാരാപുരിയുടെ വീട്ടിലേക്കു പോകുന്നതിനിടെ കഴിഞ്ഞദിവസം പ്രിയങ്കയെ യുപി പോലീസ് തടഞ്ഞിരുന്നു.