സിജോ പൈനാടത്ത്
കൊച്ചി: ഗ്രാമീണമേഖലയിലെ യുവതികളിൽ തെഴിൽരഹിതരായവർ കൂടുന്നെന്നും തൊഴിലന്വേഷണത്തിനുള്ള താത്പര്യം ഇവരിൽ കുറഞ്ഞുവരികയാണെന്നും പഠനം.
18-40 പ്രായവിഭാഗത്തിലുള്ളവര്ക്കിടയില് കൊച്ചിയിലെ സെന്റര്‍ ഫോര്‍ സോഷ്യോ ഇക്കണോമിക് ആന്‍ഡ് എന്വയണ്മെന്റല് സ്റ്റഡീസ് (സിഎസ്ഇഎസ്) നടത്തിയ പഠനത്തിലാണ് ഈ നിരീക്ഷണം.
13 ശതമാനമാണു പുരുഷന്മാര്ക്കിടയില് തൊഴിലില്ലായ്മ നിരക്ക്. സ്ത്രീകളില്‍ ഇതു 43 ശതമാനം. യുവാക്കളില്‍ 70 ശതമാനം പേരും വരുമാനമുള്ള ഏതെങ്കിലും ജോലികള്‍ ഉള്ളവരാണ്.
ജോലിയുള്ള യുവതികള്‍ 33 ശതമാനമാണ്. പുരുഷന്മാര്ക്കിടയിലെ തൊഴില്‍പങ്കാളിത്ത നിരക്ക് 36-40 പ്രായപരിധിയില്പെടുന്നവരില് 100 ശതമാനവും 31-35 പ്രായപരിധിയില്പെടുന്നവരില് 91 ശതമാനവുമാണ്.
അതായത്, 30 വയസിനു മുകളിലുള്ള യുവാക്കളില്‍ ഭൂരിഭാഗം പേരും ജോലിയുള്ളവരാണ്.
26 മുതല്‍ 30 വയസു വരെയുള്ള പുരുഷന്മാരില് 87 ശതമാനവും ജോലി ചെയ്യുന്നവരാണെങ്കില്‍, ഇതേ പ്രായത്തിലുള്ള സ്ത്രീകളില്‍ 41 ശതമാനം മാത്രമാണു ജോലി ചെയ്യുന്നത്.
30 വയസിനു മുകളിലുള്ള സ്ത്രീകളില്‍ 45 ശതമാനത്തിനാണു ജോലിയുള്ളതെന്നു പഠനം പറയുന്നു.
26-30 പ്രായത്തിലെ 20 ഉം 31-35 പ്രായത്തിലെ 25 ഉം 36-40 പ്രായത്തിലെ 27 ഉം ശതമാനം യുവതികള്‍ക്കു ജോലിയില്ലെന്നു മാത്രമല്ല, തൊഴിലിനായി അന്വേഷണം നടത്താന്‍ ഉത്സുകരല്ലെന്നും പഠനത്തില്‍ വ്യക്തമായി.
വിവാഹവും കുടുംബപ്രശ്നങ്ങളും സ്ത്രീകളുടെ തൊഴില്‍പങ്കാളിത്തം കുറയ്ക്കുന്നതായി പഠനം പറയുന്നു.
നിലവില്‍ ജോലി ഇല്ലാത്ത, എന്നാല്‍ തൊഴിലന്വേഷകരായ യുവതികളില്‍ 58 ശതമാനവും വിവാഹവും പ്രസവവും കുടുംബത്തിലെ മറ്റ് ഉത്തരവാദിത്തങ്ങളും തങ്ങളുടെ തൊഴില്‍സാധ്യതകളെ പ്രതികൂലമായി ബാധിച്ചുവെന്ന് അഭിപ്രായപ്പെട്ടു.
പുരുഷന്മാരില് നാലു ശതമാനത്തിനാണ് സമാനമായ കാരണങ്ങള്‍ ജോലിക്കു പ്രതികൂലഘടകമായത്.
നേരത്തെ ജോലി ചെയ്തിരുന്ന സ്ത്രീകളില്‍ 61 ശതമാനവും വിവാഹവും കുടുംബ ഉത്തരവാദിത്തങ്ങളുമാണു ജോലിയുപേക്ഷിക്കാന്‍ കാരണമായി ചൂണ്ടിക്കാട്ടിയത്.
തൊഴിലന്വേഷകരായ പുരുഷന്മാരില് നാലില്‍ മൂന്നാളും എവിടെ വേണമെങ്കിലും ജോലി ചെയ്യാന്‍ തങ്ങള്‍ തയാറാണെന്നു പറഞ്ഞപ്പോള്‍ യുവതികളില്‍ നാലില്‍ മൂന്നു പേര്‍ക്കും വീടിനടുത്തുതന്നെ ജോലിചെയ്യാനാണു താത്പര്യം.
ഗ്രാമീണ യുവാക്കളുടെ തൊഴില്‍ പങ്കാളിത്തത്തില്‍ ലിംഗപരമായ അന്തരം നിലനില്‍ക്കുന്നുവെന്നാണു പഠനം വ്യക്തമാക്കുന്നതെന്നു സിഎസ്ഇഎസിലെ ഗവേഷകയായ ഡോ. രാഖി തിമോത്തി അഭിപ്രായപ്പെട്ടു.
കുടുംബത്തിന്റെ വരുമാനസ്രോതസ് പുരുഷന്മാരാണെന്ന കാഴ്ചപ്പാട് മാറി സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും വീട്ടിലും സമൂഹത്തിലും തുല്യ ഉത്തരവാദിത്തമെന്ന ചിന്തയിലേക്കു സമൂഹം ഇനിയും വളരേണ്ടതുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി.
644 കുടുംബങ്ങളില്‍നിന്നുള്ള യുവാക്കള്‍ക്കിടയില്‍ നടത്തിയ പഠനത്തില്‍ ഗവേഷകരായ സി.ആര്. അനഘ, സ്വാതി മോഹനന്, കെ.എം. ജയന് ബിബിന്‍ തമ്പി എന്നിവരും പങ്കാളികളായി.