ഭോജ്പുരി നടി അനുപമ പഥക്കിനെ (40) മുംബൈ ദാഹിസറിലെ ഫ്ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബിഹാര്‍ സ്വദേശിയായ നടി ഞായറാഴ്ചയാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. ടിവി ഷോകളിലൂടെ സിനിമയിലെത്തിയ താരം ബോളിവുഡില്‍ സജീവമാകുന്നതിനായി താമസം മുംബൈയിലേക്ക് മാറ്റുകയായിരുന്നു.
ആത്മഹത്യ ചെയ്യുന്നതിനു മുന്‍പ് താന്‍ വഞ്ചിക്കപ്പെട്ടുവെന്നും ആരെയും വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും സമൂഹമാധ്യമത്തില്‍ ഒരു വിഡിയോ പങ്കുവച്ചിരുന്നു. നടിയുടെ ഫ്ളാറ്റില്‍ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യയ്ക്കു കാരണമായി പറയുന്നത്.
മനീഷ് ഝാ എന്നയാളെക്കുറിച്ച് ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശിക്കുന്നുണ്ട്. മേയില്‍ ഇയാള്‍ തന്റെ ഇരുചക്ര വാഹനം വാങ്ങിയതാനും തിരികെ നല്കാന് വിസമ്മതിച്ചതായും കുറിപ്പില്‍ പറയുന്നു.
കഴിഞ്ഞ ദിവസം ഹിന്ദി ടെലിവിഷന്‍ താരവും മോഡലുമായ സമീര്‍ ശര്‍മയെ (44) മുംബൈ മലാഡ് വെസ്റ്റിലെ ഫ്ലാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് സിനിമ-സീരിയല്‍ മേഖലയുമായി ബന്ധപ്പെട്ട നിരവധി താരങ്ങള്‍ ഇത്തരത്തില്‍ ജീവനൊടുക്കിയിരുന്നു.