മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളം യാഥാർഥ്യമാകുന്നതിനൊപ്പം മട്ടന്നൂർ നഗരത്തിലും പരിസരങ്ങളിലും വൈദ്യുതി വിതരണം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ഭൂഗർഭ കേബിൾ വഴി വൈദ്യുതി നൽകുന്നതിനുള്ള പദ്ധതിയുടെ നിർമാണം പാതിവഴിയിൽ.
ചാവശേരി, പഴശി സബ് സ്റ്റേഷനുകളിൽ നിന്നു ഭൂമിക്കടിയിലൂടെ കേബിൾലൈൻ വലിച്ച് വെദ്യുതി വിതരണം ചെയ്യാനായിരുന്നു പദ്ധതി. പഴശി സബ് സ്റ്റേഷനിൽ നിന്നും ഇടവേലിക്കൽ, ഇല്ലംഭാഗം വഴി കേബിൾ മട്ടന്നൂരിൽ എത്തിക്കുന്ന പ്രവൃത്തി പൂർത്തീകരിച്ചുവെങ്കിലും വൈദ്യുതി നൽകുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.
ചാവശേരി സബ് സ്റ്റേഷനിൽ നിന്നു മട്ടന്നൂർ ഗാന്ധി റോഡിലേക്ക് കേബിൾ ഇടുന്ന പ്രവൃത്തി പാതിവഴിയിൽ നിലച്ചിരിക്കുകയാണ്. മട്ടന്നൂർ മുതൽ കളറോഡ് വരെ കേബിൾ വലിച്ചു നിർത്തുകയായിരുന്നു. മട്ടന്നൂർ – ഇരിട്ടി റോഡ് കള റോഡ് മുതൽ റോഡ് വീതി കൂട്ടി നവീകരിച്ചതിനാൽ കേബിൾ വലിക്കുന്നതിനു കെഎസ്ടിപി അനുമതി നൽകിയിട്ടില്ല. ഇതോ ടെയാണ് പ്രവൃത്തി നിലച്ചത്.
പുതിയ റോഡ് കുത്തിപ്പൊളിച്ച് കേബിൾ വലിക്കുന്നതാണ് കെഎസ്ടിപി അനുമതി നൽകാത്തതെന്നാണ് അറിയുന്നത്. പഴശി മുതൽ ശിവപുരം വരെയുള്ള ആറു കിലോമീറ്റർ കേബിൾ വലിക്കാൻ 1.6 കോടി രൂപയും ചാവശേരി സബ്ബ് സ്റ്റേഷനിൽ നിന്നു മട്ടന്നൂർ ഗാഡി റോഡ് വരെയുള്ള അഞ്ചു കിലോമീറ്ററിനു 1.5 കോടി രൂപയാണ് ചിലവ്.
മഴക്കാലത്തും മറ്റും മരക്കൊമ്പുകൾ പൊട്ടിവീണും മറ്റും വൈദ്യുതി ബന്ധം തകരാറിലാകുന്നത് ഒഴിവാക്കാനാണ് ഭൂമിക്കടിയിലൂടെ വൈദ്യുതിലൈൻ സ്ഥാപിക്കുന്നത്. ആദ്യഘട്ടത്തിൽ മട്ടന്നൂർ ടൗണിലും പരിസരങ്ങളിലുമാണ് ഭൂഗർഭലൈൻ വഴി വൈദ്യുതി നൽകുക.