മംഗലംഡാം: ഭൂമി പിളർന്നുനില്ക്കുന്ന ഉപ്പുമണ്ണിലെ ജനങ്ങൾ ഭീതിയിൽ. ഏതുനിമിഷവും വൻദുരന്തം സംഭവിക്കാമെന്ന സ്ഥിതിയാണ് ഇവിടെ നിലനില്ക്കുന്നത്. ഭൂമി പിളർന്നുനില്ക്കുന്ന കുന്നിൻചെരിവിന്റെ താഴെയുള്ള 25 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചിട്ടുണ്ടെങ്കിലും ഇരുനില വീടുകളും നിറഞ്ഞുനില്ക്കുന്ന കാർഷികവിളകളും നശിക്കുമോയെന്ന ആശങ്കയിലാണ് പ്രദേശത്തുകാർ.
ഇന്നലെ ഉച്ചയ്ക്ക് അരമണിക്കൂർ സമയം ഇടിവെട്ടി മഴപെയ്തപ്പോൾ ജനങ്ങളുടെ ആധികൂട്ടി. ആറുമണിക്കൂർ തുടർച്ചയായി മഴപെയ്താൽ പ്രദേശത്തേക്ക് വരാൻ പാടില്ലെന്നാണ് റവന്യൂവകുപ്പിന്റെ നിർദേശം. ഇന്നലെ അന്തരീക്ഷം മേഘാവൃതമായി ഇടയ്ക്ക് മഴയുമുണ്ടായി.
ഭൂമി പിളർന്നുനില്ക്കുന്നതിന്റെ ആഘാതം എത്രത്തോളം ഗുരുതരമാണെന്ന് പരിശോധിക്കാൻ തിരുവനന്തപുരത്തുള്ള നാഷണൽ സെന്റർ ഫോർ എർത്ത് സ്റ്റഡീസിൽനിന്നുള്ള ശാസ്ത്രസംഘം എത്തേണ്ടതുണ്ട്. ആലത്തൂർ തഹസീൽദാരുടെ റിപ്പോർട്ടിൽ പാലക്കാട് കളക്ടർവഴി ഇവരുടെ സേവനം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇവർ അടുത്തമാസം പകുതിയോടെ മാത്രമേ എത്തൂവെന്നാണ് അറിയിച്ചിട്ടുള്ളത്.
ഇത്രയും ദിവസത്തിനുള്ളിൽ മഴ ശക്തികൂടിയാൽ എന്തു സംഭവിക്കുമെന്ന പേടിയിലാണ് താമസക്കാർ. കുന്നിൻചെരിവിനു താഴെ ടാർ റോഡിലൂടെയുള്ള വാഹനഗതാഗതം നിരോധിച്ച് പോലീസ് ഇരുഭാഗത്തും മുന്നറിയിപ്പു ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.
ഉപ്പുമണ്ണ് അന്പഴച്ചാലിൽ കുഞ്ഞുവർക്കിയുടെ വീടിനുപിറകിലെ റബർതോട്ടത്തിൽനിന്നും ആരംഭിച്ചിട്ടുള്ള വിള്ളൽ എടപ്പാടൻ പൗലോസ്, ജാനു വേലായുധൻ എന്നിവരുടെ തോട്ടങ്ങളിലൂടെ വന്ന് റ ഷേയ്പിൽ രണ്ടേക്കർ ഭൂമിചുറ്റി ടാർ റോഡിലാണ് അവസാനിച്ചിട്ടുള്ളത്. ഇവിടെ റോഡും ഉയർന്നിട്ടുണ്ട്.
വിണ്ടുനില്ക്കുന്ന ഭൂമിക്കടിയിൽനിന്നും രൂപപ്പെട്ട ഉറവയിലെ വെള്ളത്തിനും ഒരാഴ്ച കഴിഞ്ഞിട്ടിട്ടും കുറവില്ല. പാറയില്ലാതെ അന്പതടിയോളം താഴ്ചയിൽ മണ്ണുമാത്രമുള്ള കുന്നാണിത്. ഇതിനാൽ മലനിരങ്ങി താഴേയ്ക്ക് പതിക്കാനുള്ള സാധ്യതകളും കൂടുതലാണെന്ന് പറയുന്നു. ഒന്നരയടി വീതിയിൽ രണ്ടടിയിലേറെ താഴ്ചയിലാണ് ഭൂമി വിണ്ടുനില്ക്കുന്നത്.