മംഗലംഡാം: ഉപ്പുമണ്ണിൽ ഭൂമി പിളർന്നുനില്ക്കുന്നതിന്റെ അപായസ്ഥിതി പരിശോധിക്കാൻ ശാസ്ത്രസംഘം എത്താൻ വൈകുന്നത് സമീപത്തെ താമസക്കാരെയും പ്രദേശവാസികളെയും ബുദ്ധിമുട്ടിലാക്കുന്നു. സംഭവമുണ്ടായി ഒരുമാസമായിട്ടും സ്ഥലം പരിശോധിക്കാൻ സംഘം എത്തിയിട്ടില്ല.
അപകടസാധ്യത ചൂണ്ടിക്കാട്ടി ഇതിലൂടെ ബസ് സർവീസ് ഉൾപ്പെടെയുള്ള വാഹനഗതാഗതം നിരോധിച്ചതാണ് പ്രദേശവാസികൾക്ക് ദുരിതമാകുന്നത്. ഒറ്റപ്പെട്ടു കിടക്കുന്ന ഇവിടത്തുകാർക്ക് ഇപ്പോൾ ബസ് വരുന്ന സ്ഥലത്തെത്താൻ മൂന്നും നാലും കിലോമീറ്റർ നടക്കേണ്ട സ്ഥിതിയാണ്. വിദ്യാർഥികളാണ് ഏറെ കഷ്ടപ്പെടുന്നത്.
തിരുവനന്തപുരത്തുനിന്നുള്ള നാഷണൽ സെന്റർ ഫോർ എർത്ത് സ്റ്റഡീസിൽനിന്നുള്ള ശാസ്ത്രസംഘമാണ് സ്ഥലം പരിശോധിച്ച് ഭൂമി വിള്ളലിന്റെ അനന്തരഫലങ്ങളും സുരക്ഷാ സംവിധാനങ്ങളും നിർദേശിക്കേണ്ടത്.എന്നാൽ എംഎൽഎയും മന്ത്രിയും എംപിയുമൊക്കെ ഇടപെട്ടിട്ടും സംഘം എത്തുന്നതിനു നടപടിയായിട്ടില്ല.
ശാസ്ത്രജ്ഞരുടെ കുറവും പരിശോധന ഉപകരണങ്ങളുടെ ദൗർലഭ്യവുമാണ് സംഘമെത്താൻ വൈകുന്നതെന്നാണ് റവന്യൂ അധികൃതർ പറയുന്നത്.ഇത്തരത്തിൽ ഭൂമിക്കു വിള്ളലുണ്ടായ ഇടുക്കി, വയനാട് ജില്ലകളിൽ ഒട്ടേറെ പ്രദേശങ്ങളുള്ളതിനാൽ ശാസ്ത്രസംഘം മറ്റു ജില്ലകളിലാണ്. മന്ത്രി കൂടി ഇടപെട്ടിട്ടുള്ളതിനാൽ വൈകാതെ തന്നെ സംഘം പരിശോധനയ്ക്ക് എത്തുമെന്നാണ് റവന്യൂ അധികൃതരും പ്രതീക്ഷിക്കുന്നത്.
ജില്ലാ ജിയോളജി വിഭാഗം സ്ഥലം പരിശോധിച്ചാണ് കളക്ടർ ഇടപെട്ട് തഹസീൽദാർ ഉപ്പുമണ്ണുവഴി മംഗലംഡാം പോലീസിന്റെ നേതൃത്വത്തിൽ വാഹനഗതാഗതം നിരോധിച്ചിട്ടുള്ളത്. കുന്നിനു താഴെയുള്ള ഇരുപതോളം വീട്ടുകാരെയും മാറ്റിപാർപ്പിച്ചിരിക്കുകയാണ്.
ഇവർ ഇത്രയുംദിവസം സമീപവീടുകളിലും ബന്ധുവീടുകളിലുമാണ് കഴിയുന്നത്.വീടുകളെല്ലാം പൂട്ടിക്കിടക്കുന്നതു മൂലമുള്ള നഷ്ടങ്ങൾ വേറെയുണ്ട്. ഭൂമിയിലെ വിള്ളലിനൊപ്പം കുന്നിനടിയിൽനിന്നും ഉത്്ഭവിച്ചിരുന്ന ഉറവ ഇപ്പോൾ വറ്റി ഇല്ലാതായി.
മഴയില്ലാത്തതിനാൽ അപകടസാധ്യത ഇപ്പോഴില്ലെന്ന് പറയുന്നുണ്ടെങ്കിലും വാഹനഗതാഗതം പുനഃസ്ഥാപിക്കാനുള്ള ഉത്തരവ് ആരു പുറപ്പെടുവിക്കുമെന്ന ആശയക്കുഴപ്പവും നിലനില്ക്കുന്നു. റിസ്ക് എടുക്കാൻ വകുപ്പുമേധാവികളും തയാറല്ല. ശാസ്ത്രസംഘം എത്തുന്നതുവരെ വാഹനഗതാഗതത്തിന്റെ നിരോധനം തുടരുന്നത് പ്രദേശവാസികളുടെ ജീവിതം ദുസഹമാക്കും.