മുക്കം: മിച്ചഭൂമി വിവാദവുമായി ബന്ധപ്പെട്ട് തിരുവമ്പാടി എംഎൽഎ ജോർജ് എം തോമസ് രാജി വെക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് സമരം ശക്തമാക്കുന്നു.നാളെ മുക്കത്ത് ജനരോഷമെന്ന പേരിൽ പ്രതിഷേധസംഗമവും റാലിയും നടത്തുമെന്ന് മുസ്ലിം ലീഗ് നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസി.സി.മോയിൽ കുട്ടി, പാറക്കൽ അബ്ദുല്ല എംഎൽഎ, സി.പി. ചെറിയ മുഹമ്മദ്, സി.കെ.കാസിം തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും. മലയോര മേഖലയിൽ സിപിഎം നേതൃത്വത്തിൽ ഒരു മാഫിയ സംസ്കാരം വളർത്തി കൊണ്ടു വരികയാണന്നും ഇതിന് തുടക്കത്തിലെ തടയിട്ടിട്ടില്ലങ്കിൽ വലിയ വില നൽകേണ്ടി വരുമെന്നും ലീഗ് നേതാക്കൾ പറഞ്ഞു.
മിച്ചഭൂമി വിഷയത്തിൽ തെളിവ് സഹിതം മാധ്യമങ്ങൾ വാർത്ത പുറത്ത് വിട്ടിട്ടും സിപിഎമ്മോ എംഎൽഎ യോ അതിനെതിരെ ഒരക്ഷരം പറഞ്ഞിട്ടില്ല. ഇഎംഎസ് സഹകരണ ആശുപത്രിക്കായി എല്ലാ മാനദണ്ഡങ്ങളും ലംഘിച്ച് ഇലക്ട്രിക് ബ്ലാസ്റ്റിംഗ് അടക്കം നടത്തുകയാണ്.
യാതൊരു അനുമതിയുമില്ലാതെയാണ് ഇത്. കൊടിയത്തൂർ വില്ലേജ് ഓഫീസറെ പാർട്ടി ഇടപെട്ട് സ്ഥലം മാറ്റിയത് ക്വാറി മാഫിയയുമായി ഒത്തുകളിച്ചാണന്നും ലീഗ് നേതാക്കൾ ആരോപിച്ചു.വാർത്താ സമ്മേളനത്തിൽ കെ.പി.അബ്ദുറഹിമാൻ, എൻ.കെ.അഷ്റഫ്, കെ.കോയ, ഷാബൂസ് അഹമ്മദ്, വി.പി.നിസാം എന്നിവര്‍ പങ്കെടുത്തു.